
മൂന്നാര്‍: ഇടുക്കി മൂന്നാറിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ കൊലപാതകത്തില്‍ പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പൊലീസ്. പ്രതിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്‍കിയാല്‍ 25,000 രൂപ നല്‍കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഓഗസ്‌റ് 23നാണ് മൂന്നാര്‍ ചൊക്കനാട് തേയില ഫാക്ടറിയിലെ സെക്യൂരിറ്റി കൊല്ലപെട്ടത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കന്നിമല ഫാക്ടറി ഡിവിഷന്‍ സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ജോലിക്കിടെ ഭക്ഷണം പാകം ചെയ്യാന്‍ രാത്രി താമസ സ്ഥലത്തേക്ക് പോയ രാജപാണ്ടി ഏറെ സമയം കഴിഞ്ഞും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളില്‍ ആയിരുന്നു മൃതദേഹം. തലയില്‍ ആഴത്തില്‍ മുറിവിന് പുറമെ ഭിത്തിയിലും ചോരക്കറയുള്ളതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
Content Highlight; Security guard murdered in Idukki; Reward for information on suspect