ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പ സംഗമത്തില്‍ അമിത് ഷായെയും യോഗിയെയും പങ്കെടുപ്പിക്കാന്‍ നീക്കം

സാമുദായിക നേതാക്കളെ വേദിയിലെത്തിക്കുമെന്നും അയ്യപ്പ ഭക്തരെ മുഴുവന്‍ പങ്കെടുപ്പിക്കുമെന്നും സംഘാടകര്‍

ശബരിമല കര്‍മ്മ സമിതിയുടെ അയ്യപ്പ സംഗമത്തില്‍ അമിത് ഷായെയും യോഗിയെയും പങ്കെടുപ്പിക്കാന്‍ നീക്കം
dot image

പത്തനംതിട്ട: ശബരിമല കര്‍മ സമിതി നടത്തുന്ന അയപ്പ സംഗമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാന്‍ നീക്കം. ബിജെപി ഇതര നേതാക്കളെയും ക്ഷണിക്കാനാണ് നീക്കം. സാമുദായിക നേതാക്കളെ വേദിയിലെത്തിക്കുമെന്നും അയ്യപ്പ ഭക്തരെ മുഴുവന്‍ പങ്കെടുപ്പിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.

സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം. ബദല്‍ സംഗമത്തിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദുഐക്യവേദി അടക്കമുള്ള സംഘപരിപരിവാര്‍ സംഘടനകളാണ് ശബരിമല കര്‍മ സമിതിയില്‍ ഉള്‍പ്പെടുന്നത്.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബദല്‍ അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു നേരത്തെ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികള്‍ക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണെന്നും ആര്‍ വി ബാബു പറഞ്ഞു.

ഈ മാസം 20നാണ് സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.

Content Highlights: Sabarimala Karmasamithi will invite Amit sha and Yogi Adityanath on Ayyappa Sangamam

dot image
To advertise here,contact us
dot image