
പാലക്കാട്: ലൈംഗിക ആരോപണം നേരിട്ടതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസ് എടുത്ത നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള നാടകമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ്. വിഷയത്തെ കോണ്‍ഗ്രസ് ഗൗരവമായി കാണുന്നില്ലെന്നും ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും കോണ്‍ഗ്രസിന് ഭയമാണെന്നും മനു പ്രസാദ് പറഞ്ഞു. ഇരുവരെയും സംരക്ഷിക്കേണ്ട നിലയിലേക്ക് കോണ്‍ഗ്രസ് മാറിയെന്നും കോണ്‍ഗ്രസ് മലീമസപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന് എംഎല്‍എയായി തുടരാനുളള യോഗ്യതയില്ലെന്നും മനു പ്രസാദ് വ്യക്തമാക്കി.
'രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എയായി തുടരാന്‍ യോഗ്യതയില്ല. രാഹുലിനെ ജനങ്ങള്‍ സഹിക്കണമെന്ന മാനസികാവസ്ഥ ശരിയല്ല. ഇതുപോലെ ചെയ്യുന്നവരെ സിപിഎമ്മും സംരക്ഷിക്കുന്നു. ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു. രാഹുലിനെയും ഷാഫിയെയും സംരക്ഷിക്കുന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തി. കോണ്‍ഗ്രസ് രാഷ്ട്രീയം മലീമസപ്പെട്ടു. നാടകങ്ങളുടെ തിരക്കഥകള്‍ വ്യാപകമായി ഇറങ്ങുന്നു. രാഹുല്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തെറ്റാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത എംഎല്‍എയായി തുടരാന്‍ അവകാശമില്ല.' മനു പ്രസാദ് പറഞ്ഞു. വിദേശത്തി നിന്ന് പണം സംഭരിച്ച് പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ തട്ടിപ്പ് പുറത്തുവരാതിരിക്കാനാണ് നിലവിലെ സമീപനമെന്നും സ്ത്രീപീഡനകര്‍ക്ക് ഒപ്പം നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെയാണ് തങ്ങള്‍ എന്ന് കോണ്‍ഗ്രസ് തുറന്നുസമ്മതിക്കണമെന്നും മനു പ്രസാദ് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിൽ എത്തിയാൽ അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കം ഇല്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. രാഹുലിനെ സംരക്ഷിക്കും വിധമുള്ള ഈ പ്രസ്താവനയോടായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പേരിലുണ്ടായ വിവാദം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും എന്നാൽ അത് പറയാൻ തങ്ങളെ എതിർക്കുന്ന ഒരു പാർട്ടിക്കും നിയപരമായ അവകാശമില്ലെന്നും ഒരു മാധ്യമത്തോട് സണ്ണി ജോസഫ് പറഞ്ഞിരുന്നു. ജനങ്ങൾ നൽകുന്നതാണ് എംഎൽഎ സ്ഥാനം. ഇത്തരം പലകേസുകളിൽപെട്ട എംഎൽഎമാർ നിലവിൽ നിയമസഭയിലുണ്ട്. ഇതിനേക്കാൾ ഗുരുതരമായ ബലാത്സംഗക്കേസുകളിൽ പ്രതികളായവരും നിയമസഭയിലുണ്ട്. അവരാരും രാജിവെച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
Content Highlights: Congress is afraid of rahul mamkoottathil and shafi parambil says yuvamorcha leader manu prasad