ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോ. രാജീവ് കുമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ച്

പരാതിക്ക് പിന്നാലെ ഈ മാസം 31 വരെ സ്വകാര്യ പ്രാക്ടീസ് ഉണ്ടായിരിക്കില്ലെന്ന് ക്ലിനിക്കിന് മുന്നില്‍ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്

ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോ. രാജീവ് കുമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ച്
dot image

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ഡോ. രാജീവ് കുമാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ചട്ടങ്ങള്‍ ലംഘിച്ച്. ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നിരിക്കെയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ഇയാള്‍ പ്രാക്ടീസ് നടത്തുന്നത്.

ഗവ. സെര്‍വന്റ്‌സ് കോണ്ടക്ട് റൂള്‍ പ്രകാരം ആശുപത്രിക്ക് സമീപമോ ലാബ്, സ്‌കാനിംഗ് കേന്ദ്രം, ഫാര്‍മസി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊപ്പമോ വ്യാവസായിക ആവശ്യത്തിന് നിര്‍മിച്ച കെട്ടിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നാണ് അനുശാസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡോക്ടര്‍ രാജീവ് കുമാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നത്. ഇതേ കെട്ടിടത്തില്‍ ഫാര്‍മസികളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട കൈക്കൂലി ആരോപണം നടന്നതും ഇതേ സ്വകാര്യ ക്ലിനിക്കില്‍ വെച്ചായിരുന്നു. സര്‍ജറി വേഗത്തിലാക്കാനായി സുമയ്യയില്‍ നിന്ന് 4000 രൂപയാണ് രാജീവ് കുമാര്‍ വാങ്ങിയത്. രോഗിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് വരാന്‍ പാടില്ലെന്ന നിര്‍ബന്ധ ബോര്‍ഡും ഈ ക്ലിനിക്കിന് സമീപം സ്ഥാപിച്ചിട്ടില്ല. രാജീവ് കുമാറിന്റെ യോഗ്യതയും പരസ്യപ്പെടുത്തിയിരിക്കുന്നത് ചട്ടലംഘനമാണ്. സുമയ്യ ഡിഎംഒയ്ക്ക് പരാതി കൊടുത്തതിന് പിന്നാലെ രാജീവ് അവധിയില്‍ പോയിരിക്കുകയാണ്. ഈ മാസം 31 വരെ സ്വകാര്യ പ്രാക്ടീസ് ഉണ്ടായിരിക്കില്ലെന്ന പോസ്റ്ററും ക്ലിനിക്കിന് മുന്നില്‍ പതിപ്പിച്ചിട്ടുണ്ട്.

ഡോക്ടര്‍ രാജീവ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമായിരുന്നു സുമയ്യ രംഗത്തെത്തിയത്. ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവിടെയിരുന്നാല്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നുമായിരുന്നു സുമയ്യ പറഞ്ഞത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ പ്രതികരണം തേടിയപ്പോഴായിരുന്നു ശസ്ത്രക്രിയ വേഗത്തിലാക്കാന്‍ ഡോക്ടര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് സുമയ്യ പറഞ്ഞത്. ആദ്യം നാലായിരം രൂപയാണ് നല്‍കിയത്. ഇതിന് ശേഷം ഓരോ തവണ ഡോക്ടറെ കാണുമ്പോഴും അഞ്ഞൂറ് രൂപ വീതം നല്‍കിയിരുന്നുവെന്നും സുമയ്യ ആരോപിച്ചിരുന്നു. അനസ്തേഷ്യ നല്‍കിയതിലും സുമയ്യ സംശയം പ്രകടിപ്പിച്ചിരുന്നു. 'എന്റെ കൊച്ചിനെ തിരിച്ച് നല്‍കണം' എന്ന് അനസ്തേഷ്യ ഡോക്ടറോട് രാജീവ് ഡോക്ടര്‍ പറയുന്നത് കേട്ടതായി സുമയ്യ പറഞ്ഞു. സര്‍ജറിക്ക് ശേഷം രണ്ടാമത് ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയപ്പോഴാണ് ഇത് പറഞ്ഞത്. തനിക്ക് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ തനിക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് കരുതിയതെന്നും സുമയ്യ പറഞ്ഞിരുന്നു.

2023 മാര്‍ച്ചിലായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുകയാണ് ചെയ്തത്. ഡോ. രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഇതിന് ശേഷം എട്ട് ദിവസം തീവ്രപരിചണ വിഭാഗത്തില്‍ കഴിഞ്ഞു. കഴുത്തിലും കാലിലും ട്യൂബുകള്‍ ഇട്ടിരുന്നു. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഉണങ്ങിയപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് ശേഷം സുമയ്യയ്ക്ക് വലിയ രീതിയില്‍ ശ്വാസ തടസ്സവും കിതപ്പും അനുഭവപ്പെട്ടു. 2025 മാര്‍ച്ചില്‍ കഫക്കെട്ട് വന്നപ്പോള്‍ വീടിനടുത്തുള്ള ക്ലിനിക്കില്‍ പോയി. അവിടുത്തെ ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എക്സറെ എടുത്തപ്പോഴാണ് നെഞ്ചില്‍ വയര്‍ കുടുങ്ങിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ രാജീവ് ഡോക്ടറെ സമീപിച്ചു. കീഹോള്‍ ശസ്ത്രക്രിയയിലൂടെ എടുത്തുനല്‍കാമെന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

Content Highlights- Dr. Rajeev Kumar running private practice become violation of rule

dot image
To advertise here,contact us
dot image