
മുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസെടുത്തു. കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 192, ഐടി നിയമത്തിലെ 67, 65എ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന വകുപ്പാണ് ബിഎന്‍എസിലെ 192 വകുപ്പ്. വെള്ളിയാഴ്ച യൂട്യൂബിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലുമായി പങ്കുവെച്ച വിഡിയോ ആണ് കേസിന് കാരണം.
അശ്ലീല ചുവയും ലൈംഗിക ഉള്ളടക്കത്തോടും കൂടിയതുമായ വിഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണമെന്ന മട്ടിലാണ് ക്രൈം നന്ദകുമാറിന്റെ വീഡിയോ.
Content Highlights: Case filed against Crime Nandakumar for spreading obscene video