
ശരീരഭാരം വര്‍ധിക്കുന്നത് ഭൂരിഭാഗം ആളുകളിലും ആശങ്കയുളവാക്കുന്ന കാര്യമാണ്. ദിവസവും കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്ത് അതിനുവേണ്ടി പരിശ്രമിക്കുന്നത് പലരെ സംബന്ധിച്ചും നിത്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. മെലിഞ്ഞിരിക്കാന്‍ ജിമ്മില്‍ പോയി ട്രെഡ്മില്ലില്‍ മണിക്കൂറുകളോളം ചെലവഴിക്കുകയോ ഭാരം ഉയര്‍ത്തുകയോ ചെയ്താല്‍ മതി എന്നൊരു ധാരണ മിക്കവര്‍ക്കും ഉണ്ട്. പക്ഷേ യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ അങ്ങനെ അല്ല. ഭക്ഷണക്രമം, ജീവിതശൈലി, ശരീരത്തിന്‍റെ ചലനങ്ങള്‍ എന്നിവയൊക്കെ ക്രമീകരിച്ച് ചെയ്യുന്ന പ്രവൃത്തികളിലാണ് കാര്യം.
കാര്‍ഡിയോ സെഷനുകളിലൂടെ കലോറി കുറയ്ക്കാം
പുഷ് അപ്പുകള്‍, സ്‌ക്വാറ്റുകള്‍, പ്ലാങ്കുകള്‍, തുടങ്ങിയ ഹ്രസ്വമായ ശരീര ചലനങ്ങള്‍ ഒന്നിലധികം പേശികളുടെ കൂട്ടങ്ങളെ ഒരേ സമയം സജീവമാക്കുന്നു. ഇത്തരം വ്യായാമങ്ങളിലൂടെ കലോറി കുറയുക മാത്രമല്ല അതിന് ശേഷമുള്ള മണിക്കൂറുകളില്‍ മെറ്റബോളിസം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനും സഹായിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ 20 മിനിറ്റ് ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ഒരു മണിക്കൂര്‍ ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ശരീരത്തെ സഹായിക്കുന്നു.
മൈക്രോ വര്‍ക്കൗട്ടുകള്‍
ദിവസവും 5-10 മിനിറ്റ് ശരീരം നന്നായി അനങ്ങുന്ന രീതിയിലുളള പ്രവൃത്തികള്‍ ചെയ്യുന്നത് ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും. പടികള്‍ കയറുക, ഉച്ച ഭക്ഷണത്തിന് മുന്‍പ് 15 സ്‌ക്വാട്ട് എക്‌സര്‍സൈസ് ചെയ്യാം. (ഇടുപ്പ് ഭാഗം പിന്നിലേക്ക് ആക്കി കാല്‍മുട്ടുകളും ഇടുപ്പുകളും വളച്ച് ഇരിക്കുന്നതുപോലെ ശരീരം താഴ്ത്തുകയും നേരെയുള്ള സ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നതാണ് സ്‌ക്വാട്ട് എക്‌സര്‍സൈസ്). അല്ലെങ്കില്‍ വൈകുന്നേരം സ്‌കിപ്പിംഗ് ചെയ്യുക ഇവയൊക്കെ സഹായകമാണ്. ഇത്തരത്തിലുളള ചെറിയ ചെറിയ വര്‍ക്കൗട്ടുകള്‍ ഊര്‍ജ്ജനില വര്‍ധിപ്പിക്കുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും.
നീറ്റ് വ്യായാമം
ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നടക്കുക, ഇരിക്കുന്നതിന് പകരം നില്‍ക്കുക. അങ്ങനെ കഴിവതും ശരീരം ചലിച്ചുകൊണ്ടിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം ചലനങ്ങളെയാണ് നീറ്റ് വ്യായാമം എന്ന് വിളിക്കുന്നത്. ഇങ്ങനെ ശരീരത്തിനെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ജിമ്മില്‍ പോകുന്ന ഒരാളേക്കാള്‍ കലോറി കത്തിക്കുന്നുണ്ട്.
പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കേണ്ട സമയം
ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെ ആരോഗ്യത്തെ സഹായിക്കുന്നു. പക്ഷേ അത് എങ്ങനെ, എപ്പോള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നു എന്നതാണ് പ്രധാനം. പ്രഭാത ഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും 20-25 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് ഏതെങ്കിലും ഒരുനേരം കഴിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ്. ഇങ്ങനെ മൂന്ന് തവണ ഒരേ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നത് പേശികളെ നന്നാക്കുകയും കാലക്രമേണ ശരീരത്തെ അമിത വണ്ണത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ശരിയായ ഉറക്കം, വ്യായാമം, വിശ്രമം എന്നിങ്ങനെ ജീവിത ശൈലിയില്‍ ഉള്ള ശ്രദ്ധ ശരീരത്തിന്‍റെ ആരോഗ്യത്തെയും വളരെ സ്വാധീനിക്കുന്നുണ്ട്. 7-8 മണിക്കൂര്‍ ഗുണനിലവാരമുളള ഉറക്കം ലഭിക്കുന്നത് കൊഴുപ്പിന്‍റെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും പേശികളെ സംരക്ഷിക്കുകയും ചെയ്യുന്നു.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരും ഫിറ്റ്‌നസ് സംബന്ധമായ സംശയങ്ങള്‍ ഉളളവരും ഈ മേഖലയിലുളള വിദഗ്ധരുടെ അഭിപ്രായം തേടേണ്ടതാണ്)
Content Highlights :Fitness is not about spending time in the gym, there are other ways to lose weight.