'രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തുമ്പോള്‍ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നു'; രാജീവ് ചന്ദ്രശേഖർ

'കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ത്രീകളെ വേട്ടയാടുകയും പദവിയില്‍ തുടരുകയും ചെയ്യുന്നു'

'രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തുമ്പോള്‍ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നു'; രാജീവ് ചന്ദ്രശേഖർ
dot image

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോണ്‍ഗ്രസ് നടത്തുന്ന ആക്രമണത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. രാഹുല്‍ ഗാന്ധി ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നു എന്നാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചത്. സ്ത്രീകളാണ് നമുക്ക് പോരാടാന്‍ കഴിയും എന്ന് പ്രിയങ്കാ ഗാന്ധി പറയുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ത്രീകളെ വേട്ടയാടുകയും പദവിയില്‍ തുടരുകയും ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതാണ് കോണ്‍ഗ്രസിലെ വ്യാജന്മാര്‍ എന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.

റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ ആക്രമണം കോണ്‍ഗ്രസ് എന്താണെന്ന സത്യം വെളിപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിന്റെ ഭരണഘടനയോടും അതിലെ 19-ാം വകുപ്പ് അനുശാസിക്കുന്ന അഭിപ്രായത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യത്തോടുമുള്ള നിലപാട് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

'ആവിഷ്‌കാരത്തിനും അഭിപ്രായത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ മാത്രം കാര്യമല്ല ഇത്, കോണ്‍ഗ്രസിന്റെ ഡിഎന്‍എയിലുള്ളതാണ്. ഇത്തരം സംഭവങ്ങള്‍ അവര്‍ക്ക് പുതിയ കാര്യമല്ല. ദേശീയ തലത്തിലും കേരളത്തിലും മാധ്യമങ്ങളെ അടിച്ചമര്‍ത്തിയ ചരിത്രം കോണ്‍ഗ്രസിനുണ്ട്' രാജീവ് ചന്ദ്രശേഖര്‍ തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ബിജെപി പലപ്പോഴും മാധ്യമങ്ങളുടെ നിലപാടിന് എതിരെ നിന്നിട്ടുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സംസ്‌കാരമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഒരു എംപി എന്ന നിലയില്‍ ഓണ്‍ലൈനായുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ഐടി ആക്ട് സെക്ഷന്‍ 66A പാസാക്കിയതിനെ കോണ്‍ഗ്രസ് എതിര്‍ത്ത കാര്യം എനിക്കറിയാം. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും ക്രൂരവും ഏകപക്ഷീയവുമായിരുന്നു ഈ നിയമം. അതിന്റെ മോശം വശങ്ങള്‍ ചൂണ്ടിക്കാണിച്ച് താന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ഒടുവില്‍ അത് റദ്ദാക്കിയത് എന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

'ഇതാണ് കോണ്‍ഗ്രസ് നടത്തുന്ന തട്ടിപ്പിന്റെ രാഷ്ട്രീയം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കും, എന്നിട്ട് അതിനെതിരെ അക്രമം നടത്തുകയും ചെയ്യും.' രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ വാർത്തകൾ പുറത്ത് വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഓഫീസ് ആക്രമിച്ചതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഒന്നു മുതൽ ആറ് വരെ പ്രതികളായ മിഥൻ മോഹൻ, വിഷ്ണു ചന്ദ്രൻ, കെ സുമേഷ്, സൗരാ​ഗ്, നിഖിൽ ദേവ്, അമൽ ജയിംസ് എന്നീ പ്രതികൾ റിപ്പോർട്ടർ ടി വിയുടെ തൃശൂർ ബ്യൂറോ ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് ഓഫീസിന്റെ പ്രവേശന ഭാഗത്ത് കരിഓയിൽ ഒഴിക്കുകയും, ഓഫീസ് ഡോറിന് കേടുപാടുകൾ വരുത്തി നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. റിപ്പോർട്ടർ ടി വിയുടെ കാറിന് മുകളിൽ യൂത്ത് കോൺഗ്രസ്സിൻ്റെ കൊടി നാട്ടുകയും ചെയ്തുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ കൊടി നാട്ടുകയാണ് ചെയ്തത്. ഇതിന് പുറമേ മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിപ്പോര്‍ട്ടറിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെ അപലപിച്ച് കെയുഡബ്ല്യുജെ അടക്കം രംഗത്തെത്തി. എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ആണെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പി റെജി പറഞ്ഞു. എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കുന്നതിന് നിയമമുണ്ട്. അതിന് പകരം കയ്യൂക്കിന്റേയും അതിക്രമത്തിന്റേയും വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചാല്‍ അത് അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റെജി പറഞ്ഞു. സംസ്‌കാര ശൂന്യമായ നടപടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അഭിപ്രായപ്പെട്ടു.

Content Highlight; Rajeev Chandrasekhar reacts Youth congress attack over reporter tv

dot image
To advertise here,contact us
dot image