
തൃശ്ശൂർ: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശ്ശൂര്‍ ബ്യൂറോയ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്ന ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വ്യാപക അക്രമമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മാധ്യമ വാര്‍ത്തകളോട് വിയോജിപ്പുണ്ടെങ്കില്‍ മാധ്യമ സ്ഥാപനങ്ങളെ ആക്രമിക്കുന്ന തെരുവ് ഗുണ്ടാ സംഘത്തിന്റെ നിലവാരത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് അധ:പതിച്ചിരിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ത്രീകളോടുള്ള അതിക്രമങ്ങളെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരേയും പരാതിക്കാരായ പെണ്‍കുട്ടികളേയും മാധ്യമ സ്ഥാപനങ്ങളെയും അക്രമിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത് എന്നും കമ്മിറ്റി പ്രതികരിച്ചു.
രാഹുലിനെ സംരക്ഷിക്കുന്ന ഷാഫിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സംസ്ഥാനത്തെമ്പാടും വ്യാപകമായ അക്രമം അഴിച്ചു വിടുകയാണ് യുത്ത് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. മാധ്യമ സ്ഥാപനങ്ങളെ അക്രമങ്ങളിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് നെറികേടിനെതിരെ ജനാധിപത്യവാദികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ അക്രമം നടത്തിയ ഗുണ്ടകളെ പോലീസ് തുറങ്കിലടക്കണമെന്നും ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി.പി. ശരത്ത് പ്രസാദ്, പ്രസിഡന്റ് ആര്‍ എല്‍ ശ്രീലാല്‍ എന്നിവര്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവരാണ് ടിവി തൃശൂര്‍ ബ്യൂറോ ഓഫീസ് അക്രമിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടി. മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളാണ് നോട്ടീസിലുള്ളത്. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സര്‍ക്കാരിനോട് റിപ്പോട്ടര്‍ ടിവി ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടറിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെ അപലപിച്ച് കെയുഡബ്ല്യുജെ അടക്കം രംഗത്തെത്തി. എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ആണെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പി റെജി പറഞ്ഞു. എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കുന്നതിന് നിയമമുണ്ട്. അതിന് പകരം കയ്യൂക്കിന്റേയും അതിക്രമത്തിന്റേയും വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചാല്‍ അത് അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റെജി പറഞ്ഞു. സംസ്‌കാര ശൂന്യമായ നടപടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അഭിപ്രായപ്പെട്ടു.
Content Highlight; DYFI thrissur district committee reacts Youth congress attack over reporter tv