
തിരുവനന്തപുരം: ക്ലിഫ് ഹൗസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. 28 പേർക്കെതിരെയാണ് കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് പാറശ്ശാല മണ്ഡലം സെക്രട്ടറി കൊല്ലയിൽ ശ്യാംലാൽ അടക്കമാണ് അറസ്റ്റിലായത്. ഇയാളാണ് കേസിൽ ഒന്നാം പ്രതി. റിപ്പോർട്ടർ ടിവിയുടെ ഓഫീസ് അടിച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളാണ് ശ്യാംലാൽ.
ക്ലിഫ് ഹൗസ് സംഘർഷത്തിൽ നാല് വനിതാ പ്രവർത്തകരും അറസ്റ്റിലായി. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ വകുപ്പുകൾ. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞതിനെതിരെയായിരുന്നു മാർച്ച്. ക്ലിഫ് ഹൗസിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുകളിലൂടെ പ്രതിഷേധക്കാർ തീപ്പന്തം എറിഞ്ഞതോടെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.
പ്രവർത്തകർ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. മാർച്ചിൽ പ്രവർത്തകരും പൊലീസും ഏറ്റമുട്ടിയതോടെ വൻ സംഘർഷമാണുണ്ടായത്. സ്ത്രീകളടക്കം നിരവധി പേർക്കാണ് പരിക്കേറ്റത്. അതേസമയം പ്രവർത്തകർ ലാത്തികളും വയർലെസ് സെറ്റുകളും നശിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു.
Content Highlights: Eight Youth Congress activists arrested in clashes at Cliff House protest