
കോഴിക്കോട്: റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘത്തിന് നേരെയുണ്ടായ കോണ്‍ഗ്രസ് അക്രമത്തിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘത്തിന് നേരെയുണ്ടായ കോണ്‍ഗ്രസ് അക്രമം അപലപനീയവും ജനാധിപത്യ വിരുദ്ധവുമെന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രതികരണം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും മേപ്പയ്യൂരും വച്ചായിരുന്നു റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്താ സംഘത്തിന് നേരെ കോണ്‍ഗ്രസിന്റെ അക്രമം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയും ചാനലിന്റെ വാഹനം ആക്രമിക്കുകയുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗീക അതിക്രമ പരാതികള്‍ പുറത്തു കൊണ്ടുവന്നതിലുള്ള വിരോധത്തിലാണ് ഈ ആക്രമണം നടന്നത്. വടകര എംപി ഷാഫി പറമ്പില്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്ത് വാര്‍ത്ത കവര്‍ ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ ടിവി സംഘത്തിന് നേരെയായിരുന്നു ആക്രമണം. ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും അനുയായികളാണ് അക്രമം നടത്തിയത് എന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഈ അക്രമത്തിന് മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ കുറിപ്പില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടി വി വാര്‍ത്താസംഘത്തിനെതിരെ നടന്ന അക്രമത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി റിപ്പോര്‍ട്ടര്‍ ടിവിയുടെ കോഴിക്കോട് റിപ്പോര്‍ട്ടര്‍ അഭിജിത്തായിരുന്നു എത്തിയത്. അഭിജിത്തിനൊപ്പം ക്യാമറാമാന്‍ ഖുബൈര്‍ ഫൈസി, ഡ്രൈവര്‍ അഖില്‍ എന്നിവരുമുണ്ടായിരുന്നു. മേപ്പയൂരിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു സംഘം ആദ്യം എത്തിയത്. റിപ്പോര്‍ട്ടറും മറ്റൊരു ചാനലും മാത്രമായിരുന്നു റിപ്പോര്‍ട്ടിംഗിന് എത്തിയത്. ഷാഫി പറമ്പില്‍ എത്തിയ സമയത്ത് പ്രതികരണം തേടുന്നതിനായി അഭിജിത്തും ഖുബൈറും ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും അവിടേയ്ക്ക് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് അസഭ്യം പറയുകയുമായിരുന്നു. ഇതിന് ശേഷം റിപ്പോര്‍ട്ടര്‍ സംഘം പേരാമ്പ്രയിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തി. ഇവിടെയും സമാന സാഹചര്യമായിരുന്നു. റിപ്പോര്‍ട്ടറിന്റെ ഡ്രൈവര്‍ അഖിലിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തി. ഇതുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളോട് പരാതിപ്പെട്ടു. പിന്നാലെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തേയ്ക്ക് മാറി നില്‍ക്കാനുള്ള ശ്രമത്തിനിടെ റിപ്പോര്‍ട്ടര്‍ സംഘത്തിന്റെ കാറിന് ചുറ്റും ആളുകള്‍ കൂടുകയും വാഹനത്തിലും ഗ്ലാസിലുമെല്ലാം ശക്തിയായി അടിക്കുയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് റിപ്പോര്‍ട്ടര്‍ സംഘത്തെ ബസ് സ്റ്റാന്‍ഡ് പരിസരത്തേയ്ക്ക് മാറ്റി നിര്‍ത്തി.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ടര്‍ ടിവി പരാതി നല്‍കും. നിര്‍ഭയമാധ്യമ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും പരാതിയില്‍ ഡിജിപിയോട് ആവശ്യപ്പെടും.
Content Highlight; Violence against Reporter TV news team; DYFI condemns it and calls it anti-democratic