
തൃശ്ശൂർ: യുവതികളുടെ ലൈംഗികാരോപണത്തിന് പിന്നാലെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അവധി അപേക്ഷ വന്നിട്ടില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. സെപ്തംബർ പതിനഞ്ചിനായിരിക്കും നിയമസഭാ സമ്മേളനം ആരംഭിക്കുക. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അവധിയുമായി ബന്ധപ്പെട്ട അപേക്ഷയൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായുള്ള അറിയിപ്പ് സ്പീക്കറുടെ ഓഫീസിൽ ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച് രേഖാമൂലമോ വാക്കാലോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷംസീർ പറഞ്ഞു. അറിയിപ്പ് ലഭിച്ചാൽ നിയമസഭയുടെ നടപടിക്രമങ്ങൾ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിന്റെ ആഴത്തെ കുറിച്ച് അറിയില്ല. കേസ് സ്പീക്കർ മുൻപാകെ വരുമ്പോൾ അതിനനുസരിച്ചുള്ള തീരുമാനമെടുക്കും.
ജനപ്രതിനിധികൾക്ക് നേരെ പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അധികാരം ഉണ്ട്. എന്നാൽ അതേ രീതിയിൽ തിരിച്ച് പ്രതികരിക്കാൻ ജനപ്രതിനിധികൾ തയ്യാറാവരുതെന്ന് ഷംസീർ പറഞ്ഞു. ജനപ്രതിനിധികൾ കുറച്ചുകൂടി പക്വത കാണിക്കണം. പൊതുപ്രവർത്തകർ ജനങ്ങളെ സേവിക്കേണ്ടവരാണ്. വിധേയത്വത്തോടു കൂടി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വടകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെ ഷാഫി പറമ്പിൽ എംപി ക്ഷുഭിതനായി പ്രതികരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനിടെയാണ് ഷംസീറിന്റെ പ്രതികരണം.
Content Highlights: Rahul Mamkootathil's leave application has not been received says Speaker A N Shamseer