
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെ രോഗിയുടെ ശരീരത്തില്‍ കേബിള്‍ കുടുങ്ങി. കാട്ടാക്കട സ്വദേശി സുമയ്യ ഡിഎംഒയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. കേബിള്‍ രക്തക്കുഴലുമായി ഒട്ടിച്ചേര്‍ന്നിരിക്കുകയാണ്. എക്‌സറേ പരിശോധനയിലാണ് നെഞ്ചിനകത്ത് കേബിള്‍ കണ്ടെത്തിയത്. 50 സെമീ നീളമുള്ള കേബിളാണ് നെഞ്ചിനകത്ത് കേബിള്‍ കുടുങ്ങിയത്. സംഭവത്തില്‍ തനിക്ക് വീഴ്ച പറ്റിയതായി ഡോ. രാജീവ് കുമാര്‍ സമ്മതിച്ചു.
2023 മാര്‍ച്ചിലാണ് കാട്ടാക്കട സ്വദേശിയായ സുമയ്യ തൈറോയിഡ് ഗ്രന്ഥി പ്രശ്‌നത്തിന് ചികിത്സയുമായെത്തി ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ ചെയ്ത് നാല് ദിവസം സുമയ്യ അബോധാവസ്ഥയിലായിരുന്നു. ആ സമയത്ത് സംസാരശേഷി പൂര്‍ണായി നഷ്ടപ്പെട്ടു. പിന്നാലെ എട്ട് ദിവസം കൂടി ചികിത്സയില്‍ കഴിഞ്ഞാണ് ആശുപത്രി വിട്ടുപോകുന്നത്. രണ്ട് വര്‍ഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ സുമയ്യ വലഞ്ഞിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ എക്‌സ് റേയിലാണ് ഗൈഡ് വയര്‍ കുടുങ്ങിയത് കണ്ടെത്തിയത്.
സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ പരിശോധനയിലാണ് വയര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സുമയ്യ ഡോ. രാജീവ് കുമാറിനെ സമീപിച്ചപ്പോള്‍ ഡോക്ടര്‍ പിഴവ് പറ്റിയെന്ന് സമ്മതിക്കുകയായിരുന്നു. 'ഇപ്പോഴും ശ്വാസം മുട്ടും കിതപ്പും, നടക്കാന്‍ ബുദ്ധിമുട്ടും കാലില്‍ നീരുമുണ്ട്. കേബിള്‍ എടുത്ത് മാറ്റാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തക്കുഴലുമായും ഹൃദയവുമായും കേബിള്‍ ഒട്ടിപ്പോയി. ഇത് കിടക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആറ് മാസം കൂടുമ്പോള്‍ എക്‌സ് റേ എടുത്ത് പൊസിഷന്‍ മാറുന്നുണ്ടോയെന്ന് നോക്കാമെന്നും പറഞ്ഞു', സുമയ്യ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
എക്‌സ് റേ എടുത്ത അന്ന് തന്നെ രാജീവ് ഡോക്ടറുടെ അടുത്ത് പോയെന്നും പിഴവ് പറ്റി, പേടിക്കണ്ട എന്ന് പറഞ്ഞെന്നും സുമയ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ രാജീവ് ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയില്ലെന്നും മറ്റെവിടെ നിന്നെങ്കിലും കേബിള്‍ ശരീരത്തിനുള്ളില്‍ കയറിയാതാകാമെന്നുമാണ് പറയുന്നത്. നിലവില്‍ സുമയ്യ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Medical malpractice in Thiruvananthapuram General Hospital