
കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാഫി പറമ്പിലിനെ തടഞ്ഞുവെച്ചു എന്ന പരാതിയില്‍ 10 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. ഷാഫിക്കെതിരെ പ്രതിഷേധിച്ച പതിനെട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത 126(2), 115(2), 351(2), 296 B തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വി പി ദുല്‍കിഫിന്‍ നല്‍കിയ പരാതിയിലും കേസെടുത്തു.
ഇന്നലെ വൈകുന്നേരത്തോടെയാണ് വടകരയിൽ വെച്ച് ഷാഫി പറമ്പിലിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് ഷാഫി മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസും ഡിവെെഎഫ്ഐ പ്രവർത്തകരും റോഡില്‍ ഏറ്റുമുട്ടി. പിന്നാലെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാഫി പ്രതിഷേധക്കാർക്കുനേരെ തിരിഞ്ഞു. പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാല്‍ കേട്ട് നില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
'ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച് പോകില്ല. പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ. സമരം ഞാനും ചെയ്തിട്ടുണ്ട്. ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല' എന്നും ഷാഫി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.
ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിങ്ങളുടെ വഴി തടയലും കരിങ്കൊടിയും ഗുണ്ടായിസവും ഒക്കെ ഒത്തിരി കണ്ടവരാ ഞങ്ങൾ. ആ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചത്. ഷാഫിയുടെ ജനകീയത കണ്ട് ഭ്രാന്തായിപ്പോയ അവസ്ഥയിലാണ് ഡിവൈഎഫ്ഐ എന്നായിരുന്നു ടി സിദ്ധീഖിന്‍റെ പ്രതികരണം. ഷാഫി പറമ്പില്‍ എംപിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവും മര്യാദകേടുമാണ് എന്നാണ് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.
Content Highlights: DYFI workers arrested in protest against shafi parambil mp vadakara