രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗൃഹസന്ദർശന ക്യാമ്പെയിനുമായി ഡിവൈഎഫ്ഐ

വീടുകള്‍ കയറി ഇറങ്ങി രാഹുലിനെതിരായി പ്രചരണം നടത്തുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗൃഹസന്ദർശന ക്യാമ്പെയിനുമായി ഡിവൈഎഫ്ഐ
dot image

പാലക്കാട്: ലൈംഗിക അതിക്രമ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. രാഹുലിനെതിരെ പാലക്കാട് പറക്കുന്നത്താണ് ഗൃഹസന്ദര്‍ശന ക്യാമ്പെയിന്‍ നടത്തി പ്രതിഷേധിക്കുന്നത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. വീടുകള്‍ കയറി ഇറങ്ങി രാഹുലിനെതിരായി പ്രചരണം നടത്തുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

രാഹുൽ മാങ്കൂട്ടത്തിൽ MLA യുടെ രാജി ആവശ്യപ്പെട്ടാണ് ഇടത് സംഘടനകളുടെ ഗൃഹ സന്ദർശന ക്യാമ്പയിൻ. പാലക്കാട്ടെ വീടുകൾ കയറിയിറങ്ങി ഇടതു യുവജനപ്രസ്ഥാനം രാഹുലിൻ്റെ രാജി ആവശ്യപ്പെട്ട് ക്യാമ്പയിൻ നടത്തുന്നു. രാഹുലിനെ പാലക്കാട്ടേക്ക് എത്തിച്ച ഷാഫി ജനങ്ങളോട് മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. രാഹുലിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ, പ്രതിഷേധം ശക്തമാക്കുകയാണ് ഇടത് സംഘടനകൾ.

കോൺഗ്രസിൽ നിന്ന് പുറത്താക്കി രാഹുലിനെതിരായ പരാതികളിൽ കൈയൊഴിക്കാൻ കഴിയില്ലെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്നും സിപിഐഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

അതേസമയം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി.കൃഷ്ണകുമാറിനെതിരായ പ്രതിഷേധത്തെ ചൊല്ലി പാലക്കാട് കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. കോടതി തന്നെ തള്ളിയ കേസിൽ പ്രതിഷേധം തുടർന്നാൽ പാർട്ടി പ്രതിസന്ധിയിലാകുമെന്ന് ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ അറിയിച്ചു.

ലൈംഗിക അതിക്രമക്കേസില്‍ രാഹുലിനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഇതുവഴി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ഭയം കാരണം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. പരാതി നല്‍കുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത വിവരം പങ്കുവെയ്ക്കാന്‍ കഴിഞ്ഞ ദിവസം അസാധാരണ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് പൊലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസ്സജേുകളയച്ചതിനും ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ പൊലീസ് അറിയിച്ചത്.

ബിഎന്‍എസ് 78(2), ബിഎന്‍എസ് 351, കേരള പൊലീസ് ആക്ട് 120 (ഛ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlight; DYFI protest against Rahul Mamkoottathil

dot image
To advertise here,contact us
dot image