
തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഷാഫി പറമ്പിലിനു നേരെ സിപിഐഎം ഗുണ്ടകൾ നടത്തിയ അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഗുണ്ടായിസം കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. കോൺഗ്രസിന്‍റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്താമെന്നും കരുതണ്ട. തെരുവ് യുദ്ധം ആരംഭിക്കാൻ ശ്രമിച്ചാൽ കനത്ത വില കൊടുക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറയുന്നു.
കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. പക്ഷേ അത് ദൗർബല്യമായി ആരും കാണണ്ട. അടിച്ചാൽ തിരിച്ചടിക്കാൻ ശേഷിയുള്ളവർ തന്നെയാണ് ഞങ്ങൾ. സിപിഐഎമ്മിന്‍റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിർത്താൻ പാർട്ടി അടിയന്തര നടപടികൾ എടുക്കണമെന്നും രമേശ് ചെന്നിത്തല രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു.
ഷാഫിയെ പിന്തുണച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും രംഗത്തെത്തി. നിങ്ങളുടെ വഴി തടയലും കരിങ്കൊടിയും ഗുണ്ടായിസവും ഒക്കെ ഒത്തിരി കണ്ടവരാ ഞങ്ങൾ. ആ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ട എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ. അതിനുള്ള ശേഷി തല്‍ക്കാലം നിങ്ങൾക്കില്ല, അത് ബാലറ്റിലാണെങ്കിലും തെരുവിലാണെങ്കിലും- മാത്യു കുഴല്‍നാടന്‍ കുറിച്ചു.
ഷാഫിയുടെ ജനകീയത കണ്ട് ഭ്രാന്തായിപ്പോയ അവസ്ഥയിലാണ് ഡിവൈഎഫ്ഐ എന്നായിരുന്നു കല്പറ്റ എംഎല്‍എ ടി സിദ്ധീഖിന്‍റെ പ്രതികരണം. ഷാഫി പറമ്പില്‍ വടകരയിൽ കാല് കുത്തിയ നിമിഷം മുതൽ സിപിഐഎമ്മിന് ഉറക്കം നഷ്ടപ്പെട്ടതാണ്. ഷാഫിയുടെ ജനകീയത കണ്ട് ഭ്രാന്തായിപ്പോയ അവസ്ഥയിലാണ് ഡിവൈഎഫ്ഐ. “ചെമ്പട ഇത് ചെമ്പട” യൊക്കെ ആരും മറന്നിട്ടില്ല. കാഫിർ സ്ക്രീൻ ഷോട്ടിനെ കുറിച്ച് ഓർമ്മിപ്പിക്കല്ലേ പൊന്നേ എന്നാണ് സിദ്ദീഖ് പരിഹാസത്തോടെ ഫേസ്ബുക്കില്‍ കുറിച്ചത്.
സിപിഐഎമ്മിന്‍റെ തിട്ടൂരത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കോൺഗ്രസിനും ഷാഫിക്കും മനസ്സില്ല. സിപിഐഎമ്മിനെ തോൽപ്പിക്കാൻ ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഒന്നര ലക്ഷത്തിനടുത്ത് വോട്ടിന് വടകരയിൽ ഞങ്ങൾ തോൽപ്പിച്ചു. പക്ഷേ, അത് അവരെ കൺവിൻസ് ചെയ്യാൻ ഞങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സിദ്ദീഖ് കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം ഷാഫി പറമ്പില്‍ എംപിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയത് അസഭ്യവര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവും മര്യാദകേടുമാണെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. പിണറായി വിജയന്‍ സര്‍ക്കാരും സിപിഐഎമ്മും അകപ്പെട്ടിരിക്കുന്ന ഗുരുതര ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് ഇത്തരം സമരാഭാസങ്ങള്‍ക്ക് പിന്നിലെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിനൊക്കെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അറിയാമെന്നതു മറക്കരുത്. ഷാഫിക്കെതിരെ സിപിഐഎം നടത്തുന്ന മൂന്നാംകിട നാടകം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഐഎം ജനപ്രതിനിധികളും ലൈംഗികാരോപണ കേസുകളില്‍പ്പെട്ട എല്‍ഡിഎഫ് നേതാക്കളും റോഡിലിറങ്ങില്ലെന്നും സതീശന്‍ പറഞ്ഞു. ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്‍റെ പാപക്കറ പേറുന്ന പിണറായി വിജയനു നേരെയാണ് സിപിഐഎം ക്രിമിനലുകള്‍ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത്. കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ക്ഷമയും ജനാധിപത്യ ബോധ്യവും ദൗര്‍ബല്യമായി കാണരുത്. ഷാഫിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും സതീശന്‍ പറഞ്ഞു.
വടകര ടൗണ്‍ ഹാളില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പൊലീസും ഡിവെെഎഫ്ഐ പ്രവർത്തകരും റോഡില്‍ ഏറ്റുമുട്ടുകയുണ്ടായി. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാഫി രൂക്ഷ ഭാഷയിലാണ് പ്രതിഷേധക്കാരോട് പ്രതികരിച്ചത്. പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണമെന്നും നായ്, പട്ടിയെന്ന് വിളിച്ചാല്‍ കേട്ട് നില്‍ക്കാന്‍ വേറെ ആളെ നോക്കണമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു.
'ഏത് വലിയ സമരക്കാരന്‍ വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം. സമരം ചെയ്യാനുള്ള അവകാശത്തെ മാനിക്കുന്നു. നായ്, പട്ടിയെന്നൊക്കെ വിളിച്ചാല്‍ പേടിച്ച് പോകില്ല. പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ. സമരം ഞാനും ചെയ്തിട്ടുണ്ട്. ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല' എന്നും ഷാഫി രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നു.
Content Highlights: Ramesh Chennithala, Mathew Kuzhalnadan and more congress leaders supports Shafi Parambil