രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു; അസാധാരണ വാർത്താക്കുറിപ്പുമായി പൊലീസ്

ബിഎൻഎസ് 78(2), ബിഎൻഎസ് 351, കേരള പൊലീസ് ആക്ട് 120 (O) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു; അസാധാരണ വാർത്താക്കുറിപ്പുമായി പൊലീസ്
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത വിവരം പങ്കുവെയ്ക്കാൻ അസാധാരണ വാർത്താക്കുറിപ്പുമായി പൊലീസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് പൊലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്തതിനും സ്ത്രീകൾക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചതിനും നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ മെസ്സജേുകളയച്ചതിനും ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

ബിഎൻഎസ് 78(2), ബിഎൻഎസ് 351, കേരള പൊലീസ് ആക്ട് 120 (O) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ പരിശോധിച്ചതിൽ നിന്നും അവ കോഗ്നൈസിബിൾ ഒഫൻസിൽ ഉൾപ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതലയെന്നും അറിയിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പരാതി നൽകാൻ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ കേസെടുക്കുന്ന നടപടികളിലേക്ക് പൊലീസ് കടന്നത്.

ബിഎൻഎസ് സെക്ഷൻ 78 (സ്ത്രീകളെ പിന്തുടരുക) മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യം ലഭിക്കുന്ന കുറ്റമാണ്. ആവർത്തിച്ചുള്ള കുറ്റകൃത്യമാണെങ്കിൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും. കേസിൽ ജാമ്യം ലഭിക്കില്ല. ബിഎൻഎസ് സെക്ഷൻ 351 (ഭീഷണിപ്പെടുത്തുക) രണ്ട് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ജാമ്യം ലഭിക്കാവുന്ന കുറ്റം. കേരള പൊലീസ് ആക്ട് 120 (O) (ഭീഷണി സന്ദേശം) ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

യുവ നേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒരു യുവ യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും 'ഹു കെയേഴ്സ്' എന്നതായിരുന്നു അയാളുടെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമർശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരൻ പറഞ്ഞത്.

സംഭവം വലിയ വിവാദമായി മാറുകയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ട്രാൻസ് വുമണും ബിജെപി നേതാവുമായ അവന്തികയും രാഹുലിനെതിരെ രംഗത്തെത്തി. റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് രാഹുൽ പറഞ്ഞതായായിരുന്നു അവന്തിക പറഞ്ഞത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം അടക്കം പുറത്തുവന്നു. ഹൈക്കമാൻഡും കൈയൊഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങൾ പുറത്തുവന്നു. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണമായിരുന്നു പുറത്തുവന്നത്. നിന്നെ കൊല്ലാൻ എത്രസമയമാണ് വേണ്ടതെന്നാണ് കരുതുന്നതെന്നും സെക്കൻഡുകൾ കൊണ്ട് കൊല്ലാൻ സാധിക്കുമെന്നുമാണ് രാഹുൽ പറയുന്നത്. ഗർഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുൽ പറയുന്നുണ്ട്. ഫോൺ സംഭാഷണം പുറത്തുവന്നതോടെ രാഹുലിനെതിരായ കുരുക്ക് മുറുകി. ഇതോടെ കോൺഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Police register case against Rahul Mangkootathil and start investigation; release unusual press release

dot image
To advertise here,contact us
dot image