
കൊച്ചി: ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. കൊച്ചിയില്‍ ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപേയി മര്‍ദിച്ചെന്നതാണ് നടിക്കെതിരായ പരാതി. മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും. നടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസയം പരാതിക്കാരന്‍ ബാറില്‍ വെച്ച് അസഭ്യം പറഞ്ഞെന്നും തനിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തി എന്നും ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും പരാതിക്കാരന്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു. പരാതിക്കാരന്‍ ബിയര്‍ കുപ്പിയുമായി ആക്രമിച്ചുവെന്നും നടി ആരോപിച്ചു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരന്‍ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കമെന്നും കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ലക്ഷ്മി ആര്‍ മേനോന്‍ പറയുന്നുണ്ട്.
തിങ്കളാഴ്ച രാത്രി നോര്‍ത്തിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് പ്രശ്നത്തിലേക്ക് നയിച്ചത്. ബാറിന് പുറത്തുവച്ച് തര്‍ക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഘത്തിലെ ഒരാള്‍ ബിയര്‍ ബോട്ടില്‍ വലിച്ചെറിഞ്ഞു.പിന്നാലെയാണ് കാര്‍ തടഞ്ഞുനിര്‍ത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ വെടിമറയില്‍ എത്തിച്ച് മര്‍ദ്ദിച്ച ശേഷം പറവൂര്‍ കവലയില്‍ ഉപേക്ഷിക്കുകയായിരുന്നു.സംഘത്തിന്റെ കാറില്‍ ഉണ്ടായിരുന്ന ലക്ഷ്മി മേനോന്‍ ആലുവയില്‍ ഇറങ്ങിയശേഷമാണ് യുവാവിനെ വെടിമറയില്‍ എത്തിച്ചു മര്‍ദ്ദിച്ചത്.
ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കിയാണ് നോര്‍ത്ത് പോലീസ് കേസെടുത്തത്.ലക്ഷ്മി മേനോന്റെ വീട്ടില്‍ അടക്കം പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ലക്ഷ്മി മേനോന്‍ ഒളിവിലെന്നാണ് വിവരം.കേസുമായി ബന്ധപ്പെട്ട് പ്രതികളായ മിഥുന്‍,അനീഷ്,സോനാ മോള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരാളുടെ സുഹൃത്താണ് ലക്ഷ്മി മേനോന്‍ എന്നാണ് വിവരം.
Content Highlights: High Court stays arrest of actress Lakshmi Menon in kidnapping case of young IT employee