
കൊച്ചി: എ ഐ ക്യാമറ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷത്തിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണത്തില്‍ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആരോപണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. എ ഐ ക്യാമറ സ്ഥാപിക്കുന്നതിന് ഉള്‍പ്പെടെ നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്‍കിയത് എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രധാന വാദം. പദ്ധതിയില്‍ 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. പദ്ധതിക്ക് സര്‍ക്കാര്‍ 2020 ഏപ്രില്‍ 27ന് നല്‍കിയ ഭരണാനുമതിയും സേഫ് കേരള പദ്ധതിക്കു സമഗ്രഭരണാനുമതി നല്‍കിയ 2023 ഏപ്രില്‍ 18ലെ ഉത്തരവും റദ്ദാക്കണമെന്നും ആയിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആവശ്യം.
വ്യവസ്ഥകള്‍ പ്രകാരമുള്ള വൈദഗ്ധ്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ എസ്ആര്‍ഐടിക്ക് യോഗ്യതയില്ല. കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മില്‍ ഉണ്ടാക്കിയ കരാറും മോട്ടര്‍ വാഹന വകുപ്പ് കെല്‍ട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാല്‍ റദ്ദാക്കണം. സേഫ് കേരള പദ്ധതി അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആവശ്യം. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി.
Content Highlights: High Court rejects Satheesan and Ramesh Chennithala's petition in AI camera corruption allegations