
കൊച്ചി: റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും വേടന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
എറണാകുളം തൃക്കാക്കര പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി. 2021-2023 കാലയളവില്‍ വിവിധ ഫ്‌ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതി. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടന്റെ മറുവാദം.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ആയിരുന്നു പരാതിക്കാരിയോട് ഹെക്കോടതിയുടെ ചോദ്യം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി ആവര്‍ത്തിച്ചിരുന്നു. സുപ്രിംകോടതി വിധിയെ പരാതിക്കാരിയുടെ അഭിഭാഷക വ്യക്തമായി മനസിലാക്കിയിട്ടില്ലെന്നാണ് ഹൈക്കോടതി ഉയര്‍ത്തിയ മറ്റൊരു വിമര്‍ശനം.
Content Highlights: High Court Granted anticipatory Bail for Rapper vedan