കോൺഗ്രസിന്റെ മാതൃക പിന്തുടർന്ന് കോർ കമ്മിറ്റി അംഗത്തിനെതിരെ രാജീവ് നടപടിയെടുക്കുമോ? വെല്ലുവിളിച്ച് സന്ദീപ്

കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു.

dot image

പാലക്കാട്: ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ ബിജെപി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോയെന്ന് സന്ദീപ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു.

പാലക്കാട് വലിയ കോലാഹലം ഉണ്ടാക്കുന്നത് തന്റെ പഴയ പാര്‍ട്ടിയായ ബിജെപിയാണെന്നും ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്‍മാരുടെയും മുഖം മൂടി 48 മണിക്കൂറിനുളളില്‍ അഴിഞ്ഞ് വീഴുമെന്നും സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വെല്ലുവിളി. പോക്സോ കേസില്‍ പ്രതിയായ യെദ്യൂരപ്പ ഇപ്പോഴും പാര്‍ലമെന്ററി ബോര്‍ഡില്‍ തുടരുന്നുണ്ടെന്നും ഇതാണോ ബിജെപിയുടെ രാഷ്ട്രീയ ധാര്‍മ്മികതയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചിരുന്നു.

'എന്റെ പഴയ പാര്‍ട്ടിയായ ബിജെപി, അവരാണ് പാലക്കാട് വലിയ കോലാഹലം ഉണ്ടാക്കുന്നത്. അവര്‍ ഇവിടെ പ്രസക്തമല്ലാത്തതിനാല്‍ കാര്യമായി പറയേണ്ടതില്ലെന്ന് കരുതിയതാണ്. ബിജെപിയുടെ ഉന്നത അധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇരിക്കുന്ന യെദ്യൂരപ്പയുടെ പേരില്‍ പോക്സോ കേസ് നിലവിലുണ്ട്. ആ ബിജെപിക്ക് രാഷ്ട്രീയ സദാചാരത്തെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യത? ബിജെപി എംപി ബ്രിജ്ഭൂഷണ്‍ യാദവ്, 56 ഇഞ്ച് നെഞ്ചളവുള്ള പ്രധാനമന്ത്രി കാണിച്ച അയാളോട് കാണിച്ച അനുകമ്പ എന്താണ്. നടപടിയെടുത്തില്ലെന്ന് മാത്രമല്ല മകന് സീറ്റും കൊടുത്തു. എന്ത് രാഷ്ട്രീയ ധാര്‍മ്മികതയാണ് ബിജെപിക്ക് ഉള്ളത്', സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കാര്യം പറഞ്ഞാല്‍ അത് തുടങ്ങാന്‍ പോകുന്നേയുള്ളൂ. കോണ്‍ഗ്രസിനെ മാതൃകയാക്കി നടപടിയെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലിരിക്കാന്‍ ഒരുത്തന്‍പോലും ബാക്കിയുണ്ടാവില്ല. ആരുടെയും രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാന്‍ തനിക്ക് ആഗ്രഹമില്ല. തനിക്കെതിരെ എന്തൊക്കെയോ പുറത്തുവിടുമെന്നാണ് പറയുന്നത്. തേങ്ങ ഉടക്ക് സ്വാമി എന്നാണ് പറയാനുള്ളത്. തനിക്ക് ഉടക്കാനാണെങ്കില്‍ പതിനായിരം തേങ്ങയുണ്ട്. തങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചവരുടെ മുഖം മൂടി അഴിഞ്ഞുവീഴാന്‍ 48 മണിക്കൂര്‍ പോലും തികയില്ല. ബാക്കി വരുന്നിടത്തുവെച്ച് കാണാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു.

Content Highlights: Sandeep Varier challenges Rajeev Chandrasekhar

dot image
To advertise here,contact us
dot image