
തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഷന്‍ ചെയ്തത് ചെയ്ത തെറ്റിന് ശിക്ഷയായി കാണാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റ് മാത്രമാണിതെന്ന് ശിവന്‍കുട്ടി പറഞ്ഞു. നടപടിയിലേക്ക് പോകുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ രാഹുല്‍ നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നും അതോടെ നേതാക്കള്‍ ഭയപ്പെട്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
'കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കില്‍ ന്യായമായ നടപടിയായി വിലയിരുത്താം. സസ്‌പെന്‍ഷന്‍ ശിക്ഷയാണെന്ന് പറയാന്‍ പറ്റില്ല. രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെടുന്ന ക്രിമിനല്‍ സിന്‍ഡിക്കേറ്റാണ് സ്ത്രീകള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മാതൃക ആക്കണം', ശിവന്‍കുട്ടി പറഞ്ഞു. പാലക്കാട് ഇനി മത്സരിച്ചാല്‍ കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്ന് കോണ്‍ഗ്രസിന് മനസ്സിലായെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് എഐസിസി പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കര്‍ശന നിലപാട് വേണമെന്നാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നിലപാട്. വ്യക്തത വരുത്താതെ തുടര്‍പരിഗണനകളില്ലെന്നും എഐസിസി വ്യക്തമാക്കി.
നിരപരാധിത്തം തെളിയിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തിലാണെന്നും എഐസിസി വ്യക്തമാക്കി. നിരപരാധിത്തം തെളിയിക്കാതെ പാര്‍ട്ടിയില്‍ ഇനി സ്ഥാനങ്ങള്‍ നല്‍കില്ലെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി എംഎല്‍എ സീറ്റ് നല്‍കേണ്ടതില്ലെന്നുമാണ് എഐസിസിയുടെ നിലപാട്. എന്നാല്‍ എംഎല്‍എ സ്ഥാനത്തില്‍ നിന്ന് രാജിവെപ്പിക്കുന്നതുമായ കാര്യത്തില്‍ എഐസിസി നിലപാട് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചത്. ഗൂഢാലോചന ഉണ്ടെന്നും പിന്നില്‍ ചില നേതാക്കള്‍ ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതായാണ് വിവരം. എന്നാല്‍ രാഹുലിന്റെ വാദം തള്ളുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. പുറത്തുവന്ന തെളിവുകള്‍ ഗൗരവമുള്ളതെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
Content Highlights: V Sivankutty against Congress on Rahul Mamkoottathil issue