
തൃശ്ശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ മാതൃകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു പരാതിപോലും ഇല്ലാതെ രാഹുലിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ മാത്രമാണ് രാഹുലിനെക്കുറിച്ചുള്ള പരാതി ഉയര്‍ന്നത്. നേരിട്ട് പാര്‍ട്ടിയിലോ പൊലീസിലോ പരാതി ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ നിലയ്ക്കാണ് പാര്‍ട്ടി തീരുമാനം എടുത്തതെന്നും കെ മുരളീധരന്‍ പറഞ്ഞു.
രാഹുലിനെതിരെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആരുടേയും സ്വാധീനത്തെ തുടര്‍ന്ന് എടുത്ത തീരുമാനമല്ല. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. സസ്‌പെന്‍ഷന്‍ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ഭാവിയില്‍ പരാതി വന്നാല്‍ അതിനനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്നും ആരോപണങ്ങള്‍ പുകമറയെന്ന് തെളിഞ്ഞാല്‍ സസ്‌പെന്‍ഷന്‍ അവസാനിപ്പിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ എംഎല്‍എയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ രാഹുലിന് തടസ്സങ്ങളുണ്ടായേക്കാം. പാലക്കാട്ടെ കാര്യങ്ങള്‍ നോക്കാന്‍ അവിടെ സജീവമായി പ്രവര്‍ത്തിക്കുന്ന എംപിയുണ്ട്. കൂടെ ഷാഫി പറമ്പിലും ഉണ്ട്. അദ്ദേഹം അവിടുത്തെ നാട്ടുകാരനാണ് എന്നും കെ മുരളീധരന്‍ പറഞ്ഞു.
ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം നിരപരാധിത്വം തെളിയിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്.
Content Highlights: K Muraleedharan says Rahul Mamkootathil Suspension is Exemplary