താൻ നിരപരാധി,ഗൂഢാലോചനക്ക് പിന്നിൽ ചില നേതാക്കളെന്ന നിലപാടില്‍ രാഹുൽ മാങ്കൂട്ടത്തിൽ,വാദം തള്ളി പാര്‍ട്ടി

പുറത്തുവന്ന തെളിവുകൾ ഗൗരവമുള്ളതെന്നാണ് നേതൃത്വത്തിന്റെ നിലപാട്

dot image

തിരുവനന്തപുരം: താൻ നിരപരാധിയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് ആശയവിനിമയം നടത്തി നിലപാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗൂഢാലോചന ഉണ്ടെന്നും പിന്നിൽ ചില നേതാക്കൾ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതായാണ് വിവരം. എന്നാൽ രാഹുലിൻ്റെ വാദം തള്ളുകയാണ് കോൺഗ്രസ് നേതൃത്വം ചെയ്തത്. പുറത്തുവന്ന തെളിവുകൾ ഗൗരവമുള്ളതെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

യുവതികളെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോൺ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്താൽ സർക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ തടസ്സമാകുമെന്നാണ് വിലയിരുത്തൽ.

ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷം തീരുമാനം എടുക്കാനാണ് നീക്കം. ഒരുതരത്തിലും രാഹുലുമായി സഹകരിച്ചു പോകാൻ കഴിയില്ലെന്ന് കോൺഗ്രസിലെ വലിയൊരു വിഭാഗം വനിതാ നേതാക്കൾ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്.

ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്താൽ മതി എന്ന തീരുമാനത്തിലും എത്തിയതോടെ യൂത്ത് കോൺഗ്രസിന്റെ ഏതാനും നേതാക്കൾ വീട്ടിൽ എത്തി രാഹുലിനെ കണ്ടിരുന്നു. യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ പിന്തുണ തനിക്ക് ഉണ്ടെന്ന് അറിയിക്കാനുള്ള ഒരു ശ്രമമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയത്. മുറിക്കുള്ളിൽ കുറച്ച് സമയം യൂത്ത് കോൺഗ്രസ് ഭാരവാഹികളുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.

കെപിസിസി അധ്യക്ഷൻ സസ്‌പെൻഷൻ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളെ കാണുമെന്ന് സൂചന ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വയം ന്യായീകരണത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചത്. റിപ്പോർട്ടർ ടി വി പുറത്തുവിട്ട ശബ്ദ സംഭാഷണത്തിൽ ചോദ്യങ്ങൾക്ക് ഇത് വരെ രാഹുൽ മാങ്കൂട്ടത്തിൽ മറുപടി നൽകിയിട്ടില്ല.

Content Highlights: Rahul told that there is a conspiracy and that some leaders are behind it against him

dot image
To advertise here,contact us
dot image