രാഹുലിന് സംരക്ഷണം നൽകേണ്ടതില്ലെന്ന് യുഡിഎഫ്; നിരപരാധിത്വം തെളിയിച്ചാൽ തിരിച്ചുവരാമെന്ന നിലപാടിൽ വി ഡി സതീശൻ

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ തടസ്സമാകുമെന്നാണ് വിലയിരുത്തല്‍

dot image

തിരുവനന്തപുരം: യുവതികളെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനം. നിയമസഭാ സമ്മേളനത്തില്‍ രാഹുലിൽ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ തടസ്സമാകുമെന്നാണ് വിലയിരുത്തല്‍.

ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാനാണ് നീക്കം. ഒരുതരത്തിലും രാഹുലുമായി സഹകരിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വനിതാ നേതാക്കള്‍ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം നിരപരാധിത്വം തെളിയിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്.

ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്താല്‍ മതി എന്ന തീരുമാനത്തിലും എത്തിയതോടെ യൂത്ത് കോണ്‍ഗ്രസിന്റെ ഏതാനും നേതാക്കള്‍ വീട്ടില്‍ എത്തി രാഹുലിനെ കണ്ടിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ തനിക്ക് ഉണ്ടെന്ന് അറിയിക്കാനുള്ള ഒരു ശ്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയത്. മുറിക്കുള്ളില്‍ കുറച്ച് സമയം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ തയ്യാറായില്ല.

കെപിസിസി അധ്യക്ഷന്‍ സസ്‌പെന്‍ഷന്‍ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കാണുമെന്ന് സൂചന ഉണ്ടായിരുന്നു. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സ്വയം ന്യായീകരണത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിച്ചത്. റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ട ശബ്ദ സംഭാഷണത്തില്‍ ചോദ്യങ്ങള്‍ക്ക് ഇത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കിയിട്ടില്ല.

Content Highlights: UDF decides not to provide protection to Rahul Mamkootathil MLA

dot image
To advertise here,contact us
dot image