
വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ച് കോച്ച് കാര്‍ലോ ആഞ്ചലോട്ടി. ചിലി, ബൊളീവിയ എന്നിവര്‍ക്കെതിരായ 23 അംഗ ടീമിനെയാണ് ആഞ്ചലോട്ടി പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളായ നെയ്മര്‍ ജൂനിയര്‍, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ക്ക് സ്ക്വാഡില്‍ ഇടം ലഭിച്ചില്ല. അതേസമയം യുവതാരം ലൂക്കാസ് പാക്വെറ്റയെ ടീമില്‍ ഉള്‍പ്പെടുത്തി.
ബ്രസീല്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇത് രണ്ടാം തവണയാണ് കാര്‍ലോ ആഞ്ചലോട്ടി നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. പരിക്കാണ് താരത്തിന് വീണ്ടും തിരിച്ചടിയായിരിക്കുന്നതെന്ന് ആഞ്ചലോട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ സാന്റോസ് എഫ്സിക്ക് വേണ്ടിയുള്ള മത്സരത്തില്‍ നെയ്മറുടെ കാലിന്റെ പേശിക്ക് പരിക്കേറ്റിരുന്നു.
അതേസമയം റയല്‍ മാഡ്രിഡ് ഫോര്‍വേഡുകളായ വിനീഷ്യസ് ജൂനിയറെയും റോഡ്രിഗോയെയും ആഞ്ചലോട്ടി തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു മത്സരത്തിലെ സസ്പെന്ഷന് കാരണമാണ് വിനീഷ്യസ് ജൂനിയറിനെ ഉള്‍പ്പെടുത്താത്തത്. ടീമിലേക്ക് തിരിച്ചെത്തിയ പാക്വെറ്റ ഇതിനകം അഞ്ച് യോഗ്യതാ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മെയ് മാസത്തില്‍ ആഞ്ചലോട്ടി ചുമതലയേറ്റതിനുശേഷം ബ്രസീലിനായി കളിച്ചിട്ടില്ല. അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് പരിശീലകന് പറഞ്ഞു.
സെപ്റ്റംബര്‍ 4 ന് സ്വന്തം നാട്ടില്‍ ചിലിക്കെതിരെയും സെപ്റ്റംബര്‍ 9 ന് ബൊളീവിയക്കെതിരെയുമാണ് ബ്രസീല്‍ തങ്ങളുടെ അവസാന രണ്ട് യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നത്. അതേസമയം 202 ഫിഫ ലോകകപ്പിന് ബ്രസീല്‍ ടീം നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.
ബ്രസീൽ സ്ക്വാഡ്
ഗോൾകീപ്പർമാർ: അലിസൺ, ബെൻ്റോ, ഹ്യൂഗോ സൗസ.
ഡിഫൻഡർമാർ : അലക്സാന്ദ്രോ റിബെയ്റോ, അലക്സ് സാന്ദ്രോ, കായോ ഹെൻറിക്, ഡഗ്ലസ് സാൻ്റോസ്, ഫാബ്രിസിയോ ബ്രൂണോ, ഗബ്രിയേൽ മഗൽഹെസ്, മാർക്വിനോസ്, വാൻഡേഴ്സൺ.
മിഡ്ഫീൽഡർമാർ : ആന്ദ്രേ സാൻ്റോസ്, ബ്രൂണോ ഗ്വിമാരേസ്, കാസെമിറോ, ജോലിൻ്റൺ, ലൂക്കാസ് പാക്വെറ്റ.
ഫോർവേഡുകൾ : എസ്റ്റേവോ, ഗബ്രിയേൽ മാർട്ടിനെല്ലി, ജോവോ പെഡ്രോ, കൈയോ ജോർജ്, ലൂയിസ് ഹെൻറിക്, മാത്യൂസ് കുഞ്ഞ, റാഫീഞ്ഞ, റിച്ചാർലിസൺ.
Content Highlights: Carlo Ancelotti leaves Vinícius, Rodrygo, Neymar off Brazil squad for World Cup qualifiers