
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ രംഗത്ത് വന്നപ്പോഴും പിന്തുണ നൽകുന്ന നിലപാടാണ് ഷാഫി പറമ്പിൽ സ്വീകരിച്ചതെന്ന് വിമർശനം ഉയർന്നിരുന്നു. രാഹുലിനെതിരെ ആരോപണം ഉയർന്ന് വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് വിഷയത്തിൽ ഷാഫി പറമ്പിൽ പ്രതികരിച്ചത്. എംഎല്‍എ സ്ഥാനത്ത് നിന്നും രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നതിനിടെയാണ് മന്ത്രി വി ശിവൻകുട്ടി രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളിൽ ഷാഫി പറമ്പിലിനെ വിമർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനേജും നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ ആരോപണങ്ങൾ മാത്രമല്ല തെളിവുകളുണ്ടെന്നും ഹൈക്കമാൻഡ് കൈവിട്ടിട്ടും രാഹുലിനെ ഷാഫി പറമ്പിൽ എംഎൽഎയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംരക്ഷിക്കുന്നുവെന്നും സനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാഫി പറമ്പിൽ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. പലതും പുറത്തുവരുമെന്ന ഭയത്തിൽ വൃത്തികെട്ട ഏർപ്പാടിന് ഷാഫി കൂട്ടുനിൽക്കുന്നുവെന്നും സനോജ് തുറന്നടിച്ചു. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എംപി, വിഡി സതീശൻ എന്നിവരെ തുറന്നു കാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ വിഷയത്തില്‍ മുസ്‌ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങള്‍ മുന്നണിയെ ബാധിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ ആശങ്ക. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.
Content Highlight : The minister indirectly criticized Rahul mamkootathil and Shafi Parambil