
സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ നേതൃത്വം വഹിക്കുകയും ചെയ്ത പി കൃഷ്ണപിള്ള അനുസ്മരണം നടത്തി ബഹ്‌റൈൻ പ്രതിഭ. പ്രതിഭ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡൻ്റ് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം ബിനു കരുണാകരൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ കെ വീരമണി സമകാലിക രാഷ്ട്രീയ വിശദീകരണവും നടത്തി.
കേവലം 42 വയസ്സുവരെ മാത്രം ജീവിച്ച് ഒരു ജനതയുടെ വിധി മാറ്റിയെഴുതുന്നതിൽ നിർണായക പങ്കു വഹിച്ച മഹാനായ നേതാവായിരുന്നു പി കൃഷ്ണപിള്ള എന്ന് അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ വെളിവാകുന്നതെന്നും ഇത്തരം ക്രമക്കേടുകളെ തുറന്നു കാണിക്കാനും ആവർത്തിക്കാതിരിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങേണ്ടതുണ്ടെന്നും രാഷ്ട്രീയ വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിഭ ജോയിന്റ് സെക്രട്ടറി മഹേഷ് കെ വി സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
Content Highlights: Bahrain Pratibha commemorates P Krishna Pillai