'രാഹുല്‍ രാജിവെക്കണം'; വടകരയില്‍ ഷാഫിക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

dot image

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉയര്‍ത്തിയാണ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ദേശീയ പാതാ നിർമ്മാണം വെെകുന്നുവെന്നാരോപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വടകരയിൽ നടക്കുന്ന ഉപവാസ സമരത്തിന്‍റെ ഉദ്ഘാടകനായാണ് ഷാഫി വടകരയിൽ എത്തിയത്. ഷാഫിയുടെ പ്രസംഗം ആരംഭിച്ചതോടെ പ്രതിഷേധവുമായി ഡിവെെഎഫ്ഐ പ്രവർത്തകർ എത്തുകയായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

വിവാദ വിഷയങ്ങളിൽ രാഹുലിനെ ഷാഫി സംരക്ഷിച്ചുവെന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുണ്ട്. പാലക്കാട് എംഎൽഎ സ്ഥാനം രാജിവെച്ച് വടകരയിൽനിന്ന് ലോക്‌സഭയിലെത്തിയപ്പോൾ ഷാഫിയാണ് രാഹുലിനെ സ്ഥാനാർഥിയാക്കാൻ നിർദേശിച്ചത്.

രാഹുലിനെതിരെ നിരവധി സ്ത്രീകളാണ് ആരോപണവുമായി രംഗത്ത് വന്നത്. മുൻ മാധ്യമപ്രവർത്തകയും യുവനടിയുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതിസന്ധിയിലായത്. എന്നാൽ റിനി പേര് വെളിപ്പെടുത്താതെ യുവ നേതാവ് എന്നായിരുന്നു പരാമർശിച്ചത്. റിനി ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയുണ്ടായിരുന്നു. പിന്നാലെയാണ് രാഹുലിനെതിരെ പേരെടുത്ത് വിമർശിച്ച് എഴുത്തുകാരി ഹണി ഭാസ്‌കരൻ രംഗത്തെത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരൻ പറഞ്ഞത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു യുവതിയോട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണമടക്കം പുറത്തുവന്നു. സ്ത്രീകൾക്ക് രാഹുൽ അയച്ച ചാറ്റുകളും പുറത്ത് വന്നിരുന്നു. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

dot image
To advertise here,contact us
dot image