
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അർജന്റീന ടീമിനേയും സ്വീകരിക്കാന്‍ കേരളം കാത്തിരിക്കുകയാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. ഏറ്റവും നല്ല ഓണസമ്മാനമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. അതീവ സന്തോഷത്തിലാണെന്നും അബ്ദുറഹിമാൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. കേരള സര്‍ക്കാരുമായി ചേര്‍ന്ന് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലേക്ക് എത്തിക്കുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോടും മന്ത്രി നന്ദി പറഞ്ഞു.
'ആദ്യത്തെ സ്‌പോണ്‍സര്‍ പിന്മാറിയപ്പോള്‍ വിഷമം ഉണ്ടായിരുന്നു. ആ സമയത്തായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ ഇത് ഏറ്റെടുക്കുന്നത്. അതില്‍ അതീവ സന്തോഷവാനാണ്. ഇത്രയും പണം മുടക്കി സര്‍ക്കാരിന്റെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ മുന്നോട്ട് വന്നു. വെല്ലുവിളി ഏറ്റെടുക്കാന്‍ റിപ്പോര്‍ട്ടര്‍ ടി വി തയ്യാറായത് വലിയ കാര്യമാണ്', മന്ത്രി പറഞ്ഞു.
ജയവും തോല്‍വിയും മധുരമാണ്. അതാണ് സ്‌പോര്‍ട്‌സ്മന്‍ സ്പിരിറ്റ്. അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് കേരളത്തിലെ ഫുട്‌ബോള്‍ സ്‌നേഹികളുടെ ആഗ്രഹമാണ്. അത് ഏറ്റെടുത്ത് നടപ്പിലാക്കാനും ശ്രമിച്ചു. ഒക്ടോബറില്‍ വരുന്ന ടീം 2026 ജനുവരി ആവശ്യപ്പെട്ടു. 2025 ഒക്ടോബര്‍ അല്ലെങ്കില്‍ നവംബറില്‍ വരാന്‍ സാധിക്കുമോയെന്ന് നമ്മള്‍ അങ്ങോട് ആവശ്യപ്പെടുകയായിരുന്നു. അത് അര്‍ജന്റീന ഫുട്‌ബോള്‍ ടീം അംഗീകരിച്ചു. ഇതിനെയാണ് വലിയരീതിയില്‍ വാര്‍ത്തയാക്കി ജനങ്ങള്‍ക്കിടയില്‍ മോശം പ്രതികരണം സൃഷ്ടിക്കാന്‍ കാരണമായത്. മെസിയടക്കമുള്ള 2022 ല്‍ ലോകകപ്പ് കളിച്ച ടീം കേരളത്തിലെത്തും എന്നും മന്ത്രി പ്രതികരിച്ചു.
കേരളത്തിലെ സ്റ്റേഡിയങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റിയില്‍ നിശ്ചിത ആളുകളെ മാത്രമെ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. പക്ഷെ ബാക്കിയുള്ളവര്‍ക്ക് കൂടി മെസിയെ നേരില്‍ കാണാനുള്ള അവസരം സർക്കാർ ഒരുക്കും. മെസി വരും എന്ന് അന്നും പറഞ്ഞു. ഇന്നും അത് ആവര്‍ത്തിക്കുന്നു. കളി കാണാന്‍ സാധിക്കാത്തവര്‍ക്ക് മെസിയെ കാണാന്‍ അവസരം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Sports Minister v abdul rahman about Lionel Messi Visit in Kerala