രക്തസമ്മര്‍ദമുണ്ടോ? ഈ സമയങ്ങളിലെ പരിശോധന കൂടുതല്‍ ഫലപ്രദമെന്ന് പഠനങ്ങള്‍

ഹൃദയാരോഗ്യം മുതല്‍ മതിയായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ രക്തസമ്മര്‍ദത്തിന് കഴിയും

dot image

രക്തസമ്മര്‍ദം നമ്മുടെ സമൂഹത്തില്‍ വളരെ സാധാരണ രോഗമായി മാറിക്കഴിഞ്ഞു. ജീവിതശൈലി രോഗങ്ങളില്‍പ്പെടുന്ന രക്തസമ്മര്‍ദം പ്രായഭേദമന്യേ ആളുകളില്‍ കൂടിയും കുറഞ്ഞുമിരിക്കുന്നു. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് രക്തസമ്മര്‍ദത്തിന് ശാരീരിക ആരോഗ്യം കൂടാതെ മാനസിക ആരോഗ്യവും വലിയ ഘടകമാണ്. രക്തസമ്മര്‍ദത്തെ പലപ്പോഴും നമ്മള്‍ നിസാരവത്കരിക്കുന്ന പ്രവണതയുണ്ട് എന്നാല്‍ ഇത് പിന്നീട് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. രക്തസമ്മര്‍ദം നമ്മള്‍ തിരിച്ചറിഞ്ഞിരിക്കേണ്ട രോഗമാണ്. ഹൃദയാരോഗ്യം മുതല്‍ മതിയായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ രക്തസമ്മര്‍ദത്തിന് കഴിയും.

നമ്മള്‍ പലപ്പോഴും രക്തസമ്മര്‍ദം പരിശോധിക്കാറുണ്ടെങ്കിലും ഇതിനായി പ്രത്യേകം സമയമുണ്ടെന്നത് നമുക്ക് അറിവുള്ള കാര്യമല്ല. പ്രമേഹം പരിശോധിക്കുന്നതിന്റെ വശങ്ങളെക്കുറിച്ച് നമുക്ക് പരിചയമുള്ളത് പോലെ രക്തസമ്മര്‍ദം പരിശോധിക്കുന്നതിനെക്കുറിച്ച് നമുക്ക് അറിവില്ല. എന്നാല്‍ രക്തസമ്മര്‍ദം പരിശോധിക്കാനും പ്രത്യേകം സമയമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഹൈദരാബാദ് ഹൈദര്‍ഗുഡ അപ്പോളോ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അശ്വിന്‍ തുംകുര്‍.

രക്തസമ്മര്‍ദം എല്ലാ ദിവസവും പരിശോധിക്കേണ്ടതുണ്ട്. എല്ലാ ദിവസവും ഒരേ സമയം തന്നെ രക്തസമ്മര്‍ദം പരിശോധിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം രാവിലെ 10 മണിക്കും അടുത്ത ദിവസം വൈകീട്ടുമാണ് നിങ്ങള്‍ പരിശോധനയ്ക്ക് വിധേയമാകുന്നത് എങ്കില്‍ കൃത്യമായ ഫലം ലഭിക്കണമെന്നില്ല. രാവിലെകളില്‍ പ്രഭാതഭക്ഷണത്തിനും മരുന്നുകള്‍ കഴിക്കുന്നതിനും മുന്‍പ് രക്തസമ്മര്‍ദം പരിശോധിക്കണമെന്ന് ഡോ. അശ്വിന്‍ പറയുന്നു. ഈ സമയങ്ങളിലാണ് താരതമ്യേന കൃത്യമായ ഫലം ലഭിക്കുക എന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. പരിശോധനയ്ക്കായി ഇരിക്കുമ്പോള്‍ നിങ്ങള്‍ ടെന്‍ഷനില്ലാതെ വളരെ സമാധാനത്തോടെ ഇരിക്കേണ്ടതുണ്ട്. ഒരു തവണ പരിശോധിച്ച് നിര്‍ത്തുന്നതിനെക്കാള്‍ ഒരു പ്രത്യേക ഇടവേളയില്‍ ഒന്നിലധികം തവണ പരിശോധന നടത്തുന്നത് ഹൃദയധമനികളുടെ ആരോഗ്യത്തെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്നു.

ദിവസത്തില്‍ രണ്ട് തവണ രക്തസമ്മര്‍ദം പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ധാരണ കിട്ടാന്‍ സഹായിക്കുമെന്നും ഡോക്ടര്‍ അശ്വിന്‍ പറയുന്നു. രാവിലെ ഭക്ഷണത്തിനും വ്യായാമത്തിനും മരുന്ന് കഴിക്കുന്നതിനുമെല്ലാം മുന്‍പ് രക്തസമ്മര്‍ദം പരിശോധിക്കുക. ശേഷം വൈകുന്നേരം തിരക്കുകളില്‍ നിന്നെല്ലാം മാറിയ ശേഷവും പരിശോധിക്കാം. വൈകുന്നേരങ്ങളിലെ ഫലത്തില്‍ നിന്ന് വ്യത്യസ്തമായി രാവിലെ രക്തസമ്മര്‍ദം കൂടാനുള്ള സാധ്യതയുണ്ടെന്ന് ഡോ. അശ്വിന്‍ പറയുന്നു. രാത്രി മുഴുവനുള്ള വിശ്രമം അവസാനിപ്പിച്ച് ശരീരം അതിന്റെ പൂര്‍ണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിനാലാണ് ഈ വ്യത്യാസം.

രക്തസമ്മര്‍ദം പരിശോധിക്കുന്നതിന് അഞ്ച് മിനിട്ട് മുന്‍പ് മുതല്‍ വളരെ ശാന്തമായി ഒരിടത്ത് ഇരിക്കാന്‍ ശ്രമിക്കുക. കൂടാതെ കഫീന്‍, പുകവലി, 30 മിനിട്ട് മുന്‍പ് വരെ വ്യായാമം എന്നിവ ഒഴിവാക്കാന്‍ ശ്രമികക്കുക. സമ്മര്‍ദത്തിന്റെയും മറ്റും ആദ്യകാല ലക്ഷണങ്ങളും മറ്റും തിരിച്ചറിയുന്നതിനായി ഇടയ്ക്കിടെ രക്തസമ്മര്‍ദം പരിശോധിക്കുന്നത് ഗുണം ചെയ്യുമെന്നും ഡോ. അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; What is the ideal time to check blood pressure?

dot image
To advertise here,contact us
dot image