ഗര്‍ഭഛിദ്രത്തിന് പ്രേരണ; ശബ്ദസന്ദേശത്തിന്റെ വസ്തുത തേടാന്‍ ബാലാവകാശ കമ്മീഷന്‍

ശബ്ദ സന്ദേശത്തിന്റെ വസ്തുത സംബന്ധിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍

dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നുവെന്ന രീതിയില്‍ പ്രചരിച്ച ശബ്ദസന്ദേശത്തിന്റെ വസ്തുത തേടാന്‍ ബാലാവകാശ കമ്മീഷന്‍. പൊലീസിനോടാകും ബാലാവകാശ കമ്മീഷന്‍ വസ്തുത തേടുക. സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. ആരോപണം ഉയര്‍ത്തിയ യുവതി ആര്? ഭ്രൂണഹത്യയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രേരിപ്പിച്ചോ? ഭ്രൂണഹത്യ നടന്നോ എന്നതടക്കമുള്ള കാര്യങ്ങളും ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. ശബ്ദ സന്ദേശത്തിന്റെ വസ്തുത സംബന്ധിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ സബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ ജോസഫായിരുന്നു ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പ്രചരിക്കുന്ന ശബ്ദസന്ദേശം കേസെടുക്കാന്‍ പര്യാപ്തമുള്ളതാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ തുടര്‍നടപടിയാണ് ബാലാവകാശ കമ്മീഷന്‍ കെ വി മനോജ് കുമാര്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. യുവതി പരാതി നല്‍കുന്ന പക്ഷം കേസെടുക്കാനാണ് തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കേസെടുക്കുന്ന നടപടിയിലേക്ക് കടന്നിട്ടില്ല. നിയമോപദേശം തേടിയ ശേഷം തുടര്‍നടപടി മതിയെന്നാണ് നിലവിലെ തീരുമാനം.

കഴിഞ്ഞ ദിവസം യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു നേതാവിനെ പരിചയപ്പെട്ടത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോള്‍ തന്നെ അയാള്‍ തന്നോട് മോശമായി പെരുമാറി. അപ്പോള്‍ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയര്‍' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവര്‍ക്കും ഹു കെയര്‍ എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നല്‍കിയിരുന്നില്ല. ആ നേതാവ് ഉള്‍പ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തക തുറന്നുകാട്ടിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights- Commission for Protection of Child Rights will ask report from police over complaint against rahul mamkootathil

dot image
To advertise here,contact us
dot image