
സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വമ്പൻ ചിത്രങ്ങളാണ് ഓരോ ഓണം ടൈമിലും കേരള ബോക്സ് ഓഫീസിനെ ആഘോഷമാക്കാൻ എത്തുന്നത്. ഇത്തവണയും ആ പതിവ് തെറ്റുന്നില്ല. നാല് വമ്പൻ സിനിമകളാണ് ഇത്തവണ ഓണം റിലീസായി എത്താൻ ഒരുങ്ങുന്നത്. ഹൃദയപൂർവ്വം, ഓടും കുതിര ചാടും കുതിര, മേനേ പ്യാർ കിയാ, ലോക എന്നിവയാണ് ആ നാല് സിനിമകൾ. ഇപ്പോഴിതാ ഈ സിനിമകളുടെ റൺ ടൈം പുറത്തുവന്നിരിക്കുകയാണ്.
മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് മണിക്കൂർ 31 മിനിട്ടാണ് സിനിമയുടെ നീളം. യു സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണ്ട് മണിക്കൂറും 34 മിനിറ്റുമുള്ള സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഒരു പക്കാ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിരയെന്നും ചിത്രം ഒരുപാട് ചിരിപ്പിക്കുമെന്നും മുൻപ് ആഷിഖ് ഉസ്മാൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
Major Onam Releases’ Run Time & Certification #Hridayapoorvam : 2 Hr 31 Min, U#Lokah : 2 Hr 30 Min, UA 16+#OdumKuthiraChaadumKuthira : 2 Hr 33 Min, UA 13+
— Southwood (@Southwoodoffl) August 22, 2025
'മന്ദാകിനി' എന്ന ഹിറ്റ് സിനിമക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മേനേ പ്യാർ കിയാ'. മുസ്തഫ സംവിധാനം ചെയ്ത 'മുറ' എന്നീ സിനിമകൾക്ക് ശേഷം ഹൃദു ഹാറൂൺ നായകനായി എത്തുന്ന സിനിമ കൂടിയാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് പുറമെ തമിഴിൽ നിന്നും അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്. ആഗസ്റ്റ് 29 നാണ് ചിത്രം പുറത്തിറങ്ങുന്നത്.
കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. യുഎ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 30 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.
ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുപാട് ചർച്ചയായിരുന്നു. ടീസറിനും മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. കല്ല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Onam release movie run time details out now