130-ാം ഭരണഘടന ഭേദഗതി ജനാധിപത്യത്തിനു നേരെയുള്ള വധ ഭീഷണി: മുസ്‌ലിം യൂത്ത് ലീഗ്

കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുകയെന്ന് യൂത്ത് ലീഗ്

dot image

ന്യൂഡൽഹി: 130 ആം ഭരണഘടന ഭേദഗതി ജനാധിപത്യത്തിനു നേരെയുള്ള വധ ഭീഷണിയാണെന്നു മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. അഞ്ചു വർഷമോ അതിലധികമോ തടവ് ശിക്ഷ വിധിക്കപ്പെടാവുന്ന കുറ്റം ആരോപിക്കപ്പെട്ട 30 ദിവസം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ എന്നിവരെ സ്വമേധയാ അയോഗ്യരാക്കുന്ന വ്യവസ്ഥ പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ ലക്ഷ്യം വച്ച് കൊണ്ടുള്ളതാണെന്നും യൂത്ത് ലീഗ് പ്രസ്താവനയിൽ പറയുന്നു.

കള്ളക്കേസുകൾ ചമച്ച് ജയിലിലടച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ അയോഗ്യരാക്കി സർക്കാറുകളെ അട്ടിമറിക്കുന്നതിലേക്കാണ് ഇത് നയിക്കുക. ബിജെപി മന്ത്രിമാർക്കെതിരെ എത്ര ഗുരുതരമായ അരോപണം വന്നാലും ചെറുവിരലനക്കാത്ത അന്വേഷണ സംവിധാനങ്ങൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് ഇതിനോടകം നാം കണ്ടിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോൾ ആരോപണ വിധേയരായ നേതാക്കൾ ബിജെപിയിൽ ചേർന്നാൽ ആ നിമിഷം കുറ്റവിമുക്തരാകുന്ന വാഷിംഗ് മെഷീൻ രാഷ്ട്രീയവും ഇന്ത്യയിൽ തുടർക്കഥയാണ്. ജനാധിപത്യത്തിന്റെ അന്ത:സത്തയായ പ്രതിപക്ഷ പ്രവർത്തനം അക്ഷരാർത്ഥത്തിൽ അസാധ്യമാക്കുന്നതാണ് ഈ ഭരണഘടനാ ഭേദഗതി. വോട്ടു ചോരി അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാ സഖ്യം ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായ ബിജെപി സർക്കാർ കടുത്ത ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ സർഫറാസ് അഹ്‌മദും ജനറൽ സെക്രട്ടറി ടി പി അഷ്റഫലിയും പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ സ്വഭാവത്തെ അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. അത്തരം ജനകീയ സമരങ്ങളോടൊപ്പം ശക്തമായ നിലയുറപ്പിക്കാനും യുവാക്കളെ അണിനിരത്താനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ പ്രഖ്യാപിച്ചു.

അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലാണിത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരുടെ നിയമനവും ഉത്തരവാദിത്തവും കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ 75ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലിൽ തുടര്‍ച്ചയായ 30 ദിവസം കസ്റ്റഡിയിലോ തടവിലോ ആയിരിക്കുന്ന മന്ത്രിയെ 31ാം ദിവസം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതിക്ക് പുറത്താക്കാമെന്ന് പറയുന്നു.

സംസ്ഥാനങ്ങളുടെ മന്ത്രിമാരുടെ കേസില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കാമെന്ന് ബില്ലില്‍ സൂചിപ്പിക്കുന്നുണ്ട്. ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്തേക്ക് തിരിച്ച് വരുന്നതിന് തടസമില്ലെന്നും പറയുന്നു. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവിലായവര്‍ അയോഗ്യരാകുമെന്നാണ് നിലവിലെ വ്യവസ്ഥ.

ഗുരുതര ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന ആരോപണം നേരിടുന്നതോ, അറസ്റ്റ് ചെയ്യപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്ത മന്ത്രിമാര്‍ ജനങ്ങള്‍ക്കുള്ള ഭരണഘടനാപരമായ വിശ്വാസത്തെ കുറച്ച് കാണുകയാണെന്ന് ബില്ലില്‍ പറയുന്നുണ്ട്.

Content Highlights: Muslim Youth League against Constitutional amendment

dot image
To advertise here,contact us
dot image