'അയാൾക്ക് രാഷ്ട്രീയക്കാരനായി ഇരിക്കാൻ പോലും അർഹതയില്ല'; യുവ നേതാവിനെതിരെ റിനി ആൻ ജോർജ് റിപ്പോർട്ടറിനോട്

'ടെലഗ്രാം വഴിയാണ് അയാള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു'

dot image

കൊച്ചി: യുവ നേതാവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ്. തനിക്ക് അശ്ലീല സന്ദേശം അയച്ച നേതാവ് രാഷ്ട്രീയക്കാരനായി ഇരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത വ്യക്തിയാണെന്ന് റിനി റിപ്പോർട്ടറിനോട് പറഞ്ഞു. റിപ്പോർട്ടറിൻ്റെ ഡിബേറ്റ് വിത്ത് അരുൺ കുമാറിലായിരുന്നു റിനി ആൻ ജോർജിൻ്റെ പ്രതികരണം. അയാള്‍ പൊയ്മുഖമുള്ള ആളാണ്. അയാളൊരു ഹാബിച്വല്‍ ഒഫന്‍ഡറാണെന്ന് ഇപ്പോഴാണ് മനസിലാക്കിയത്. ഇയാള്‍ പല സ്ത്രീകളോടും ഇയാളുടെ മനോഭാവം ഇതാണ്. റീല്‍സ് വഴി പലരും ഇമേജ് സൃഷ്ടിച്ചെടുക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഇവര്‍ക്കൊക്കെ വേറെ മുഖമാണെന്നും റിനി പറഞ്ഞു.

ഇക്കാര്യം തുറന്നു പറയാന്‍ ഭയമായിരുന്നില്ല ഉണ്ടായിരുന്നതെന്നും ഇത്തരത്തില്‍ പ്രശ്‌നം ഉന്നയിച്ച് മുന്നോട്ടുവന്നാല്‍ സമൂഹം എങ്ങനെ കാണും എന്നാണ് ചിന്തിച്ചതെന്നും റിനി പറഞ്ഞു. താന്‍ സത്യസന്ധമായാണ് കാര്യങ്ങള്‍ പറഞ്ഞത്. പബ്ലിക്കലി പറയാന്‍ കഴിയാത്ത പല കാര്യങ്ങളുമാണ് അയാള്‍ തനിക്ക് സന്ദേശമായി അയച്ചത്. പരിചയപ്പെട്ട് കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയ്ക്ക് വരൂ എന്ന രീതിയിലുള്ള സംഭാഷണമാണ് അയാള്‍ നടത്തിയത്. നമുക്ക് മാത്രമായി സ്വകാര്യതയും ഓര്‍മകളും വേണ്ടേ എന്നും ചോദിച്ചു. നേരിട്ട് കണ്ടിട്ട് പോലുമില്ല എന്ന് ഓര്‍ക്കണം. ടെലഗ്രാം വഴിയാണ് അയാള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതിനെതിരെ താന്‍ ശക്തമായി പ്രതികരിച്ചിരുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞ കാര്യം തന്നെ ഞെട്ടിച്ചു. സ്ത്രീപീഡകരായ രാഷ്ട്രീയക്കാര്‍ക്ക് എന്ത് സംഭവിക്കുമെന്നും അവര്‍ സുഖമായി ഇരിക്കുന്നില്ലേ എന്നുമാണ് അയാള്‍ ചോദിച്ചത്. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു അയാള്‍ പറഞ്ഞത്. രാഷ്ട്രീയ നേതാക്കന്മാര്‍ ഇങ്ങനെ ആകാമോ എന്ന് താന്‍ ചിന്തിച്ചുവെന്നും റിനി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലാണ് ആ നേതാവ് എന്ന് എന്തുകൊണ്ട് പറയുന്നില്ല എന്നും നിയമ നടപടി നേരിടേണ്ടി വരും എന്ന ഭയമാണോ അതിന് പിന്നെലെന്നും ഡോ. അരുണ്‍ കുമാര്‍ ചോദിച്ചപ്പോള്‍ ഭയമില്ലെന്നായിരുന്നു റിനി പറഞ്ഞത്. ആ വ്യക്തി ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിലെ പലരുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളത്. അതുകൊണ്ട് പേര് പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ല. ഹു കെയേഴ്‌സ് എന്നതാണ് അയാളുടെ ആറ്റിറ്റിയൂഡ്. അയാള്‍ക്ക് മാത്രമല്ല സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പലര്‍ക്കും ഇതാണ് ആറ്റിറ്റിയൂഡെന്നും റിനി ചൂണ്ടിക്കാട്ടി.

അയാളില്‍ നിന്ന് മോശം അനുഭവം നേരിട്ട ഒരു പെണ്‍കുട്ടി പോലും അത് തുറന്നുപറയുന്നില്ല എന്നതുകൊണ്ടാണ് താന്‍ സംസാരിക്കാന്‍ തയ്യാറായതെന്നും റിനി പറഞ്ഞു. സാമൂഹിക പ്രതിബന്ധതയാണ് തന്നെ കൊണ്ട് അത് പറയിച്ചത്. അയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായ എല്ലാ സ്ത്രീകളും പ്രതികരിക്കണം. സമൂഹം ആരാധിക്കുന്നതിനും ഏറ്റെടുക്കുന്നതിനുമൊന്നും അയാള്‍ അര്‍ഹനല്ല. അതേപ്പറ്റി ചിന്തിക്കേണ്ടത് പ്രസ്ഥാനമാണ്. രാഷ്ട്രീയ പ്രസ്ഥാനത്തിന് ധാര്‍മികത ഉണ്ടാകണം. ഇത്തരത്തിലുള്ള ഫേക്ക് വ്യക്തികളെ നമുക്ക് വേണോ എന്ന് ചിന്തിക്കണം. നീതി ലഭിക്കുമെന്നുള്ള വിശ്വാസം തനിക്കില്ല. സ്ത്രീകള്‍ക്ക് എവിടെയും നീതി ലഭിക്കില്ല. തന്നെ മോശക്കാരിയാക്കാനുള്ള സോഷ്യല്‍ മീഡിയ ടീമുകള്‍ വരെയുണ്ടെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഇത്തരക്കാര്‍ക്ക് വോട്ടു ചെയ്യുമ്പോള്‍ സമൂഹം ചിന്തിക്കണം. ആരോപണം നേരിട്ടവരെ സ്ത്രീകള്‍ അടക്കം ജയിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് മാറ്റം വരണമെന്നും റിനി കൂട്ടിച്ചേര്‍ത്തു.

Content Highlights- He has no right to become a political leader says rini ann george to reporter tv

dot image
To advertise here,contact us
dot image