
കൊച്ചി: യുവ രാഷ്ട്രീയ നേതാവില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞപ്പോള്‍ അത് അവന്റെ കഴിവാണ് എന്ന് ഒരു പ്രധാനപ്പെട്ട വ്യക്തി പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തക റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ആരോപണവിധേയനായ ആള്‍ രാജി വയ്ക്കണോ എന്ന് പ്രസ്ഥാനമാണ് തീരുമാനിക്കേണ്ടതെന്നും ഒരുപാട് സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇനിയെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ യുവ നേതാക്കളെ നിയന്ത്രിക്കാന്‍ മുതിർന്ന നേതാക്കൾ തയ്യാറാകണമെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
'ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ ധൈര്യമായി മുന്നോട്ടുവരണം. പക്ഷെ അവരെ സമൂഹം നാണംകെടുത്തും. എന്നോട് തന്നെ ചിലര്‍ ചോദിച്ചു, ചില ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ. ആ പറയുന്ന പെണ്‍കുട്ടി നിങ്ങളാണെന്ന് ആളുകള്‍ ചിന്തിക്കില്ലേ എന്ന്. സ്ത്രീ തുറന്നുപറയുമ്പോള്‍, അവര്‍ക്ക് പലതും സംഭവിച്ചിട്ടുണ്ടാകും അവളുടെ ചാരിത്രം നഷ്ടപ്പെട്ടിട്ടുണ്ടാകും എന്നൊക്കെ സമൂഹം പറയും. അതിനെ സ്ത്രീകള്‍ ഭയക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് തുറന്നുപറയാന്‍ ഭയമാണ്. അതേസമയം, ഇതുചെയ്യുന്ന പുരുഷന്‍ മിടുക്കന്‍. അവന്റെ മിടുക്ക്. ഒരു പ്രധാനപ്പെട്ട വ്യക്തി എന്നോട് പറഞ്ഞു, ഇത് അവന്റെ മിടുക്കായിട്ട് മാത്രമേ കാണാന്‍ സാധിക്കൂ എന്ന്'- റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
'ആ ആള്‍ രാജിവയ്ക്കണോ എന്ന് പ്രസ്ഥാനമാണ് തീരുമാനിക്കേണ്ടത്. ഇനിയെങ്കിലും അവര്‍ക്ക് ധാര്‍മികതയുണ്ടെങ്കില്‍, ഒരുപാട് സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവന്നു, എന്റെ ജീവിതം തന്നെ അപകടത്തിലാക്കി ഞാന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്നു പറഞ്ഞു. ഇനിയെങ്കിലും ആ പ്രസ്ഥാനം ചിന്തിക്കണം. മുതിര്‍ന്ന നേതാക്കന്മാര്‍ ഇനിയെങ്കിലും ഇത്തരത്തിലുളള യുവ നേതാക്കന്മാരെ നിയന്ത്രിക്കാന്‍ തയ്യാറാകണം'-റിനി പറഞ്ഞു. പുറത്തുപറയും എന്ന് പറഞ്ഞപ്പോള്‍ 'എവിടെ വേണമെങ്കിലും പോയി പറഞ്ഞോ, പോയി പറയ്, പോയ് പറയ്' എന്നാണ് പറഞ്ഞതെന്നും അവര്‍ വെളിപ്പെടുത്തി.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് പറഞ്ഞു. ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും എന്നാൽ പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നുമെന്നുമാണ് യുവമാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ.
Content Highlights: Young journalist allegation against youth leader sending Obscene messages
Obscene
messages