
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ആണ് സംഭവിച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിവാദങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ്. മറ്റൊരു പ്രശ്‌നമൊന്നുമില്ല. മണ്ഡലം പ്രസിഡന്റ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഡിസിസി ഓഫീസില്‍ പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍, രമ്യാ ഹരിദാസ് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രതികരണം.
ഡിസിസി ക്ഷണിച്ചില്ലേയെന്ന ചോദ്യത്തോട് ഡിസിസി എന്തിനാണ് ക്ഷണിക്കുന്നതെന്നും അവര്‍ നടത്തുന്ന പരിപാടിയാണോ എന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. കോണ്‍ഗ്രസിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ വിവാദമുണ്ടാക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വിവാദത്തില്‍ പ്രവീണ്‍ കുമാറും വിശദീകരണം നല്‍കി. വളരെ വൈകിയാണ് കോഴിക്കോട് എത്തിയതെന്നും മറ്റുപ്രശ്‌നങ്ങളില്ലെന്നും ചാണ്ടി ഉമ്മന്‍ വിശദീകരിച്ചതായി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മറുപടി തൃപ്തികരമാണ്. എംഎല്‍എയോട് വിശദീകരണം ചോദിക്കാന്‍ ഡിസിസി പ്രസിഡന്റ് ആളല്ല. അന്വേഷിക്കുകയാണ് ചെയ്തത്. ഇവിടെ ഗ്രൂപ്പ് സംവിധാനം ഇല്ല. ഷാഫിയോ സിദ്ധിക്കോ പാര്‍ട്ടിക്കകത്ത് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നും പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായില്‍ പോയ ശേഷം ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് താന്‍ എത്തിയതെന്ന് ചാണ്ടി ഉമ്മന്‍ നേരത്തേയും പറഞ്ഞിരുന്നു. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ വിട്ടുനിന്നതായിരുന്നു വിവാദമായത്. ടി സിദ്ധിഖ്- ഷാഫി പറമ്പില്‍ ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്നാണ് ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതെന്നായിരുന്നു വിവരം.
Content Highlights: Chandy Oommen Reaction Over kozhikode youth Congress program Controversy