ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധം നടക്കുന്നതിനിടെ പന്തല്‍ പൊളിക്കാനെത്തി പൊലീസ്; തടഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളം മുഴുവന്‍ ആശമാരോടൊപ്പമാണെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ പന്തല്‍ പൊളിച്ച് സമരം തകര്‍ക്കാന്‍ സാധിക്കില്ലെന്നത് ആശ സമരത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായതാണെന്നും കളക്ടറേറ്റ് ജനകീയ സമരത്തിന്റെ ഇടമാണെന്നും വ്യക്തമാക്കി.

dot image

കോട്ടയം: തിരുവനന്തപുരത്ത് നടക്കുന്ന ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോട്ടയത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനിടെ നാടകീയ സംഭവങ്ങള്‍. ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോട്ടയം കളക്ടറേറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യവേ പന്തല്‍ പൊളിക്കാന്‍ പൊലീസെത്തിയതാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്.

സമരം നടക്കുന്നതിനിടെ തൊഴിലാളികളെത്തി പന്തല്‍ പൊളിക്കാന്‍ തുടങ്ങുകയായിരുന്നു. ഉദ്ഘാട പ്രസംഗം നടത്തവേ എന്താണ് നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്താണ് നടക്കുന്നതെന്ന് പ്രവര്‍ത്തകരോട് ചോദിച്ചു. പൊലീസ് നിര്‍ദേശപ്രകാരം പന്തല്‍ പൊളിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചതോടെ തിരുവഞ്ചൂര്‍ അത് നടക്കില്ലെന്ന് പ്രഖ്യാപിച്ചു. പന്തല്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കാനും തൊഴിലാളികളോട് പിന്‍വാങ്ങാനും എംഎല്‍എ ആവശ്യപ്പെട്ടു.

പൊളിക്കാന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനും പ്രവര്‍ത്തകരും ചേര്‍ന്ന് എടുത്തുമാറ്റി. തുടര്‍ന്ന് പൊലീസ് നടപടിക്കെതിരെ എംഎല്‍എ പ്രസംഗം തുടര്‍ന്നു.

സ്ഥലത്തുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ആരെന്ന് തിരക്കിയ എംഎല്‍എ ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ജൂനിയര്‍ എസ് ഐ പ്രീതി ഗിരിജയെ വിൡച്ചു വരുത്തി. വഴിയോരത്ത് പന്തല്‍ കെട്ടരുതെന്ന ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ അഴിച്ചുമാറ്റണമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം നടപ്പാക്കുകയായിരുന്നുവെന്ന് എസ് ഐ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് കാണിക്കാന്‍ തിരുവഞ്ചൂര്‍ എസ് ഐയോട് ആവശ്യപ്പെട്ടു.

ഉത്തരവ് കൈവശമില്ലെന്നറിയിച്ചതോടെ എന്നാല്‍ 'കൊച്ച് പൊയ്‌ക്കോ'യെന്ന് പറഞ്ഞ് എസ് ഐയെ തിരിച്ചയച്ചു. കേരളം മുഴുവന്‍ ആശമാരോടൊപ്പമാണെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ പന്തല്‍ പൊളിച്ച് സമരം തകര്‍ക്കാന്‍ സാധിക്കില്ലെന്നത് ആശ സമരത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായതാണെന്നും കളക്ടറേറ്റ് ജനകീയ സമരത്തിന്റെ ഇടമാണെന്നും വ്യക്തമാക്കി.

പ്രസംഗം പൂര്‍ത്തിയാക്കിയതിന് ശേഷം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ഫില്‍സണ്‍ മാത്യൂസിനെ സമരപന്തലില്‍ ഇരുത്തിയാണ് എംഎല്‍എ വേദി വിട്ടിറങ്ങിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരും പ്രതിഷേസ്ഥലത്ത് എത്തിയില്ല.

Content Highlights: Police came to demolish the stage during the protest of ASHA workers, Thiruvanchoor Radhakrishnan stopped them

dot image
To advertise here,contact us
dot image