കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവം: പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതം

യുവതി ജീവനൊടുക്കുന്നതിന് മുമ്പ് തയ്യാറാക്കിയ കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു

dot image

കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു.

അതേസമയം നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവതിയുടെ സുഹൃത്തിന്റെ മൊഴി ഇന്ന് എടുക്കും. റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മരിക്കാന്‍ റമീസ് സമ്മതം നല്‍കിയെന്നും ഇനിയും വീട്ടുകാര്‍ക്ക് ഒരു ബാധ്യതയായി തുടരാന്‍ സാധിക്കില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.

'രജിസ്റ്റര്‍ മാര്യേജ് നടത്തിത്തരാമെന്ന വ്യാജേന അവന്റെ വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിച്ചു. സഹദ് എന്ന കൂട്ടുകാരന്‍ എന്റെ കൂടെ വരാമെന്ന് പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോര തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്ന് ഇന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാന്‍ പോവുന്നു', എന്നാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍.

Content Highlights: 23-year-old woman death in Kothamangalam: Parents of accused Ramees absconding

dot image
To advertise here,contact us
dot image