

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എക്‌സിറ്റ് പോളുകളെ കാറ്റില്‍ പറത്തി 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന മമത ബാനര്‍ജിയുടെ ആത്മവിശ്വാസം തകര്‍ത്ത് ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. ബിജെപിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. പിന്നാലെ ബംഗാളില്‍ ആരാകും ബിജെപിയുടെ മുഖ്യമന്ത്രി എന്ന ചര്‍ച്ചയും സജീവമായിരിക്കുകയാണ്.
കേന്ദ്രത്തിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ എത്തിയെങ്കിലും ബംഗാളില്‍ അധികാരം പിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ബിജെപി. ഇപ്പോള്‍ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതിന് പിന്നാലെ ഡല്‍ഹിയിലേതിന് സമാനമായി ഇവിടെയും വനിതാ നേതാവാകും മുഖ്യമന്ത്രി എന്ന നിലയിലാണ് ചര്‍ച്ചകള്‍.
ആഭ്യന്തരമന്ത്രി അമിതാ ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയില്‍ അധികാരത്തിലെത്തിയാല്‍ ഒരു ബംഗാളിയെ തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. അതിനിടയില്‍ കേന്ദ്രമന്ത്രി സുഖന്ദ മജുംദാര്‍, ഒരു മാംസാഹാരിയായിരിക്കും ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയെന്നും പറഞ്ഞിരുന്നു. ബിജെപി അധികാരത്തില്‍ എത്തിയാല്‍ മത്സ്യവും മാംസവും നിരോധിക്കുമെന്ന മമതയുടെ വാദത്തിന് പിന്നാലെയായിരുന്നു ഈ അഭിപ്രായപ്രകടനം. ബംഗാളില്‍ ബിജെപി മുന്നേറ്റത്തോടെ മമതയുടെ കസേരയില്‍ ഇനി ആര് ഇരിക്കുമെന്ന ആകാംക്ഷയാണ് നിലനില്‍ക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്ന പതിവ് ബിജെപിക്കില്ല. ബംഗാളിലും മോദി പ്രഭാവം വോട്ടാക്കാനാണ് ബിജെപി ശ്രമിച്ചതും. മമത ബാനര്‍ജിയുടെ കോട്ടകള്‍ തകര്‍ക്കാനായി ഇരുപതോളം റാലികളാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. കഴിഞ്ഞ ഒരു മാസക്കാലമായി ബംഗാളിന് വേണ്ടിയാണ് മോദി തന്റെ സമയം മുഴുവന്‍ ചെലവഴിച്ചതെന്ന് പറയാം. മാംസാഹാരം പ്രസാദമായി നല്‍കുന്ന കാളി ക്ഷേത്ര സന്ദര്‍ശിച്ചും ബംഗാളിന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ കളിച്ചും ബംഗാളി ഭാഷയില്‍ ഓഡിയോ മെസേജ് പോസ്റ്റ് ചെയ്തുമെല്ലാം മോദി സജീവമായിരുന്നു. ഫലം വരുമ്പോള്‍ ബ്രാന്‍ഡ് മോദിയില്‍ ബംഗാള്‍ ജനത വിശ്വാസമര്‍പ്പിച്ചു എന്നാണ് വിലയിരുത്തല്‍.
വനിതാ സംവരണ ഭേദഗതി ബില്ലില്‍ തിരിച്ചടിയേറ്റ സാഹചര്യത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി നടത്തിയ വാഗ്ദാനവും കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ രേഖ ഗുപ്തയ്ക്ക് പിന്നാലെ ബിജെപിയുടെ അടുത്ത വനിതാ മുഖ്യമന്ത്രി ബംഗാളിലായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. വനിതാ നേതാക്കളില്‍ അഗ്നിമിത്ര പോള്‍, രൂപ ഗാംഗുലി എന്നിവരുട പേരാണ് ഉയരുന്നത്. ബിആര്‍ ചോപ്രയുടെ മഹാഭാരത് സീരിയലിലെ ദ്രൗപതി കഥാപാത്രത്തിലൂടെ പ്രശസ്തയാണവര്‍. ഇവര്‍ക്ക് പുറമേ സുവേന്ദു അധികാരി, സമിക്ക് ഭട്ടാചാര്യ, നിസിത് പ്രമാണിക്, ദിലീപ് ഘോഷ് എന്നിവരെയും പരിഗണിക്കുന്നുണ്ട്.
സുവേന്ദു അധികാരി മമതയുമായി ഏറ്റവും അടുപ്പമുള്ള ടിഎംസി നേതാവായിരുന്നു. പിന്നീട് ബിജെപിയിലെത്തി അദ്ദേഹം രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മമതയെ മത്സരിച്ച് തോല്‍പ്പിച്ചു. 2021ല്‍ നന്ദിഗ്രാമിലും 2026ല്‍ ഭവാനിപൂരിലും മമതയെ അടിയറവ് പറയിച്ചു. അടിത്തട്ടില്‍ പ്രവര്‍ത്തനം നടത്തി സംഘടനാ മികവിലൂടെയാണ് സുവേന്ദുവിന്റെ പ്രവര്‍ത്തനം. പുതിയതായി നിയമിതനായ സമിക്ക് ഭട്ടാചാര്യ ആര്‍എസ്എസ് വേരുള്ള നേതാവാണ്. തിരശ്ശീലയ്ക്ക് പിന്നില്‍ നിന്നും പ്രവര്‍ത്തിക്കുന്ന നേതാവാണെന്നാണ് പറയുന്നത്.
ഫാഷന്‍ ഡിസൈനറാണ് ബിജെപിയുടെ പ്രമുഖ വനിതാ നേതാവായ അഗ്നിമിത്ര പോള്‍. ബിജെപി മഹിളാ മോര്‍ച്ച ബംഗാള്‍ ഘടകം അധ്യക്ഷയായിരുന്നു. പെട്ടെന്നായിരുന്നു ഇവര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നത്. ബിജെപിയുടെ പ്രമുഖ വനിതാ നേതാക്കളിലൊരാളാണ് രൂപ ഗാംഗുലി. ബിജെപിയുടെ രാജ്യസഭ എംപിയായിരുന്ന രൂപ നിലവില്‍ സോനാപൂര്‍ ദക്ഷിണ മണ്ഡലത്തിലെ എംഎല്‍എയാണ്. 2021ലെ ബിജെപിയുട മികച്ച പ്രകടനത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് ദിലീപ് ഘോഷ്. ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും മാറിയെങ്കിലും ബംഗാള്‍ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 2014ലാണ് ബിജെപിയുടെ ബംഗാള്‍ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. 2015ലാണ് അധ്യക്ഷസ്ഥാനത്തെത്തിയത്.
Content Highlights: BJP’s sweeping victory in West Bengal has led to discussions about leadership, including the possibility of a woman chief minister