

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി പൂർണമായും അംഗീകരിക്കുന്നുവെന്ന് കളമശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവ്. പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ വി ഇ അബ്ദുൾ ഗഫൂറിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജനവിധി പൂർണമായും അംഗീകരിക്കുന്നുവെന്നും പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിലൂടെ പ്രതികരിച്ചു.
കേരളത്തിലാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ടു, അതിന്റെ പ്രതിഫലനം കളമശേരി മണ്ഡലത്തിലുമുണ്ടായി. കഴിഞ്ഞ അഞ്ച് വർഷക്കാലം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
ജനവിധി പൂർണമായും അംഗീകരിച്ച് എവിടെയാണ് പിഴവുകൾ സംഭവിച്ചതെന്നും ജനപിന്തുണയിൽ കുറവുണ്ടായതെന്നും പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ വരുത്തിയും വീഴ്ചകൾ പഠിച്ചും ജനവിശ്വാസം ആർജ്ജിച്ച് ശക്തമായി തിരിച്ചുവരാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
കളമശ്ശേരിയിൽ വിജയിച്ച അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന് അഭിനന്ദനങ്ങൾ നേരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലാകെ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിട്ടുള്ളത്. കളമശ്ശേരി മണ്ഡലത്തിലും അതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. വികസന കാര്യങ്ങളിലും ജനകീയ വിഷയങ്ങളിലും സജീവമായി ഇടപെടാൻ സാധിച്ചു എന്നാണ് വിശ്വാസം.
എങ്കിലും, പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു വിധിയെഴുത്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ഈ ജനവിധി പൂർണ്ണമായും ഉൾക്കൊള്ളുന്നു. എവിടെയാണ് പിഴവുകൾ സംഭവിച്ചതെന്നും ജനപിന്തുണയിൽ കുറവുണ്ടായതെന്നും പാർട്ടി ഗൗരവമായി പരിശോധിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തിയും വീഴ്ചകൾ പഠിച്ചും ജനവിശ്വാസം ആർജ്ജിച്ച് ശക്തമായി തിരിച്ചുവരാനുള്ള പ്രവർത്തനങ്ങൾ തുടരും. കളമശ്ശേരിയിലും കേരളത്തിലാകെയും ഇടതുപക്ഷത്തിന് വോട്ട് നൽകിയ എല്ലാ സമ്മതിദായകർക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
Content Highlights: P Rajeev responded to the election results stating that the outcome was different from expectations and confirmed that the people's verdict is accepted