
തിരുവനന്തപുരം: വൈദേകം റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനെ വിടാതെ പി ജയരാജൻ. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളിൽ നടപടി വേണമെന്ന് കഴിഞ്ഞ സിപിഐഎം സംസ്ഥാന സമിതിയിലും പി ജയരാജൻ ആവശ്യപ്പെട്ടു. താൻ നേരത്തെ ഉന്നയിച്ച വിഷയത്തിൽ എന്ത് നടപടി എടുത്തെന്നും പി ജയരാജൻ ചോദിച്ചു. വിഷയം പാർട്ടിയുടെ പരിഗണനയിലാണെന്നും പല കാരണങ്ങളാൽ ചർച്ച നീണ്ടുപോയതാണെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മറുപടി.
പി ജയരാജൻ പാർട്ടിയിൽ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് വൈദേകം റിസോർട്ടിലെ ഇ പി ജയരാജന്റെ കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം വിവാദത്തിലായത്. ഇ പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ മൊറാഴയിലെ വേദകം റിസോർട്ടുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുമ്പ് കേസെടുത്തിരുന്നു. ഫെമ ചട്ടപ്രകാരമായിരുന്നു കേസ്.
റിസോർട്ടിന്റെ മറവിൽ അനധികൃത പണമിടപാട് നടന്നുവെന്നായിരുന്നു ഉയർന്ന ആരോപണം. റിസോർട്ടിൽ ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിര 80 ലക്ഷവും മകൻ ജയ്‌സൺ 10 ലക്ഷവും നിക്ഷേപിച്ചതായാണ് ഇ ഡിക്ക് നൽകിയ പരാതിയിലുണ്ടായിരുന്നത്. കണ്ണൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നയാൾ നിക്ഷേപിച്ച മൂന്നു കോടി രൂപ കള്ളപ്പണമാണെന്നും പരാതിയിലുണ്ടായിരുന്നു.
രാഷ്ട്രീയ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ഇന്ദിരയുടെ ഓഹരികൾ വിറ്റൊഴിയാൻ തീരുമാനിച്ചിരുന്നു. പിന്നാലെ
വൈദേകം റിസോർട്ടിന്റെ പൂർണ്ണ നടത്തിപ്പ് ചുമതല രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥയിലുള്ള നിരാമയ റിട്രീറ്റ്സിന് കൈമാറിയിരുന്നു.
Content Highlights: p jayarajan against ep jayarajan on vaidekam resort