
ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് രാജമൗലി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ബാഹുബലി-ദ ബിഗിനിങ്. ബ്രഹ്മാണ്ഡം എന്ന വാക്കിന് പുതിയ നിർവചനം കൂടിയായിരുന്നു ചിത്രം. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ അണിയറപ്രവത്തകർ അറിയിച്ചിരുന്നു. ഇപ്പോൾ ഈ പുതിയ വേർഷനിൽ ചില മാറ്റങ്ങളും ഉണ്ടായേക്കുമെന്നാണ് സൂചന.
ഇതുവരെ കാണാത്ത ചില പുതിയ സീനുകളും ഈ പതിപ്പിൽ ഉണ്ടായേക്കുമെന്നാണ് സൂചന. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീറിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും. സൂപ്പർ സ്റ്റാറുകളുടെ സിനിമയുടെ റിലീസിന് ഒപ്പം ബാഹുബലി എപ്പിക്കിന്റെ ടീസർ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രജനികാന്ത് ചിത്രം കൂലിയും ഹൃതിക് റോഷൻ ചിത്രം വാർ 2വും ഒന്നിച്ച് തിയേറ്ററുകളിൽ ക്ലാഷിന് ഒരുങ്ങുകയാണ്. ഇവർക്കൊപ്പമാണ് ബാഹുബലിയുടെ ടീസർ എത്തുന്നത്. ആഗസ്റ്റ് 14ന് സിനിമ തിയേറ്ററുകളിൽ എത്തും. അഞ്ച് മണിക്കൂർ 27 മിനിറ്റ് ആണ് ബാഹുബലി എപ്പിക്കിന്റെ റൺ ടൈം. 'നിങ്ങളുടെ ദിവസം മുഴുവൻ ഞങ്ങൾ എടുക്കില്ല. ഒരു ഐപിഎൽ മത്സരത്തിൻ്റെ അതേ സമയമായിരിക്കും ഇത്'എന്നായിരുന്നു സിനിമയുടെ സമയം സംബന്ധിച്ച് വന്ന വിമർശനങ്ങളോട് ബാഹുബലി ടീം പ്രതികരിച്ചത്.
റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്.
ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. രണ്ടാം ഭാഗമായി 2017 ല്‍ ഇറങ്ങിയ ബാഹുബലി 2: ദി കൺക്ലൂഷനും ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തു. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണ, സത്യരാജ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ നാസ്സർ, രമ്യ കൃഷ്ണൻ, പ്രഭാകർ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ആദ്യഭാഗത്തിൽ അതിഥിവേഷത്തിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപുമുണ്ടായിരുന്നു.
Content Highlights: Baahubali the epic re release collection prediction