'എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ'; എം വി ജയരാജന് മറുപടിയുമായി സദാനന്ദൻ

'കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങള്‍ നേതാക്കള്‍ ബോംബും വാളും മഴുവും നല്‍കി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ്'

dot image

കണ്ണൂര്‍: സിപിഐഎം നേതാവ് എം വി ജയരാജന് മറുപടിയുമായി ആര്‍എസ്എസ് നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്‍. എംപിയായി വിലസാന്‍ തന്നെയാണ് തീരുമാനമെന്ന് സദാനന്ദന്‍ പറഞ്ഞു. തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തിട്ടൂരം അറിയാന്‍ വൈകിയെന്നും എംപിയായി വിലസുന്നത് തടയാന്‍ താങ്കള്‍ മതിയാവില്ലല്ലോ സഖാവേയെന്നും സദാനന്ദന്‍ പരിഹസിച്ചു. സഖാവിന്റെ സൈന്യവും പോരാതെ വരുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സി സദാനന്ദൻ്റെ പ്രതികരണം.

'കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങള്‍ നേതാക്കള്‍ ബോംബും വാളും മഴുവും നല്‍കി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ്. ഇപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല. ഞാന്‍ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. ലോക നേതാവായ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിലാണ്. പ്രസ്ഥാനത്തിനായി ജീവന്‍ വെടിഞ്ഞവര്‍ (അല്ല നിങ്ങള്‍ കൊത്തിക്കീറി സംഹരിച്ചവര്‍) നെഞ്ചേറ്റിയ ആദര്‍ശത്തിന്റെ സാക്ഷാത്ക്കാരമായാണ്. പ്രസ്ഥാനം പഠിപ്പിച്ചതനുസരിച്ച് ദശാബ്ദങ്ങളായി നടത്തുന്ന സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണ്. അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട. ഫലമില്ല', സദാനന്ദന്‍ എംപി പറഞ്ഞു.

നിങ്ങളുടെ അടിമത്തം പേറാന്‍ മനസ്സില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചതിന്റെ പേരില്‍ ദുരിതം പേറേണ്ടിവന്ന അനേകായിരം അമ്മമാരുടെ, കുടുംബങ്ങളുടെ ആശിര്‍വാദം തന്നോടൊപ്പമുണ്ടെന്നും സദാനന്ദൻ കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ നന്മ പുലര്‍ന്ന് കാണാനാഗ്രഹിക്കുന്ന ലക്ഷങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും അതുകൊണ്ട് ആ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊക്കെ പറയണമെന്ന് ചിന്തിച്ചതേയല്ലെന്നും പറയരുതെന്ന് തന്നെയാണ് നിശ്ചയിച്ചിരുന്നതെന്നും സദാനന്ദന്‍ പറഞ്ഞു. പറയിപ്പിച്ചേ അടങ്ങൂ എന്നാണെങ്കില്‍ എന്ത് ചെയ്യുമെന്നും നാടിന് ഗുണമുണ്ടാകുന്ന പണി ധാരാളം വേറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ടെന്നായിരുന്നു എം വി ജയരാജന്‍ പറഞ്ഞത്. ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസില്‍വെച്ചാല്‍ മതിയെന്നും ഫണ്ട് മുക്കിയിട്ടല്ല എട്ട് സഖാക്കള്‍ ജയിലില്‍ പോയതെന്നും എം വി ജയരാജന്‍ പറഞ്ഞു. ശരിയുടെ പക്ഷത്തുനിന്ന് ജയിലില്‍ പോകാന്‍ മടിയില്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തനമാണോ എംപി ആകാനുളള യോഗ്യതയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: C Sadhanandan MP against MV Jayarajan

dot image
To advertise here,contact us
dot image