വിഭജന ഭീകരതാ ദിനം; സർക്കുലർ നൽകാൻ ഗവർണർക്ക് എന്ത് അധികാരം?: വി ഡി സതീശൻ

സംസ്ഥാന സർക്കാരിന് സമാന്തരമായി ഗവർണർ തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി

dot image

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന് നിർദ്ദേശിച്ച് സർവകലാശാല വൈസ് ചാൻസലർമാർക്ക് സർക്കുലർ നൽകിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി ഇത്തരമൊരു സർക്കുലർ നൽകാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാരിന് സമാന്തരമായി ഗവർണർ തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആർഎസ്എസുകാരനാണെന്നാണ് ഭരണഘടനാപദവിയിൽ ഇരിക്കുന്ന വിശ്വനാഥ് ആർലേക്കർ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവർണറുടെ വഴിവിട്ട നടപടികളിൽ മൗനം പാലിക്കാതെ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും അഭിപ്രായം വ്യക്തമാക്കണം. ഭരണഘടനാവിരുദ്ധ നടപടികളിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം ഗവർണറെ ഔദ്യോഗികമായി അറിയിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ സമാന്തര ഭരണ സംവിധാനമായി പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടിയും ആരോപിച്ചിരുന്നു. ദിനാചാരണം നടത്താൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകിയിരുന്നു. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കണം. എല്ലാ വൈസ് ചാൻസലർമാറും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

Content Highlights: vd satheesan against rajendra arlekar's circular

dot image
To advertise here,contact us
dot image