
കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫിനെതിരെ പരാതി നല്‍കി കെഎസ്‌യു. എംഎസ്എഫ് മുന്നണി മര്യാദകള്‍ പാലിക്കുന്നില്ലെന്നും ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കാണിച്ചാണ് കെഎസ്‌യുവിന്റെ പരാതി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ക്കാണ് കെഎസ്‌യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍ പരാതി നല്‍കിയത്.
സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തയ്യാറാകാതെ എംഎസ്എഫ് നോമിനേഷന്‍ സമര്‍പ്പിച്ചു. കെഎസ്‌യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുമായി യാതൊരുവിധ കമ്മ്യൂണിക്കേഷനും ഇല്ലാത്ത സമയത്തും എംഎസ്എഫ് നേതൃത്വം കെഎസ്‌യുവിന്റെ യുയുസിമാരുമായി നേരിട്ടും ചില വ്യക്തികളെ ഉപയോഗിച്ചും ബന്ധപ്പെടുകയുണ്ടായി. ഇത് മുന്നണിയായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ചേര്‍ന്നതല്ല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ കെഎസ്‌യു അംഗത്തെ വിജയിപ്പിക്കുന്നതിന് ആവശ്യമായ വോട്ടുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എംഎസ്എഫ് നേതൃത്വം തയ്യാറായില്ല. അത്തരത്തില്‍ എല്ലാതരത്തിലും ഏകാധിപത്യ പ്രവണതയോടെയും മുന്നണി മര്യാദകള്‍ പാടേ ലംഘിച്ചുവെന്ന് കെഎസ്‌യു പരാതിയില്‍ ആരോപിക്കുന്നു.
സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയും കെഎസ്‌യു ജില്ലാ കമ്മിറ്റിക്കെതിരെ വളരെ ഗുരുതര സ്വഭാവമുള്ള ആരോപണങ്ങളും നുണപ്രചാരണങ്ങളും നടത്തിക്കൊണ്ടും തെരുവില്‍ നേരിടും എന്നതടക്കം ഭീഷണി മുഴക്കുകയുമാണ് എംഎസ്എഫ്. മുന്നണി മര്യാദകള്‍ പാലിച്ച് മുന്നോട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ വലിയ പ്രതിസന്ധി നേരിടുമെന്നും വിഷയത്തില്‍ അടിയന്തര ഇടപെടണമെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
കണ്ണൂര്‍ സര്‍വ്വകലാശാല തെരഞ്ഞെടുപ്പില്‍ കെഎസ്‌യു മുന്നണി മര്യാദ ലംഘിച്ചെന്നും ജില്ലാ പ്രസിഡന്റ് വഞ്ചിച്ചെന്നും കാണിച്ചാണ് എംഎസ്എഫ് നേരത്തെ ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. എന്നാല്‍ ഈ വിജയം ഇല്ലാതാക്കാന്‍ കെഎസ്‌യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ശ്രമിച്ചെന്നായിരുന്നു എംഎസ്എഫിന്റെ പരാതി.
Contnet Highlights: KSU Complaint against MSF at kasargod