വിഭജന ഭീകരതാദിനം; ആശയം സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടേത്, ഗവർണറുടെ നടപടി പ്രതിഷേധാർഹം: പിണറായി വിജയന്‍

'ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാര്‍ മറന്നുപോവുകയാണ്'

dot image

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ സര്‍ക്കുലറിനെതിരെ മുഖ്യമന്ത്രി. ഓഗസ്റ്റ് 15 ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത്തരം അജണ്ട നടപ്പിലാക്കാനുള്ള വേദിയായി നമ്മുടെ സര്‍വ്വകലാശാലകളെ വിട്ടുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസ്സാകുമ്പോള്‍ ഓഗസ്റ്റ് 15 നു പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘ പരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണ്. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവര്‍ക്കാണ് സ്വാതന്ത്ര്യ ദിനത്തെ താഴ്ത്തിക്കെട്ടേണ്ടത്. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താല്പര്യം കാട്ടാതെ ''ആഭ്യന്തര ശത്രുക്കള്‍''ക്കെതിരെ പട നയിക്കാന്‍ ഊര്‍ജ്ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും' മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

'ബ്രിട്ടീഷ് വൈസ്രോയിയെ നേരില്‍ ചെന്നു കണ്ട് പിന്തുണയറിയിക്കുകയും തങ്ങള്‍ ബ്രിട്ടീഷ് രാജിനെതിരല്ലെന്നു വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയില്‍ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാര്‍. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിന്‍പറ്റുന്നവരാണ് ഇപ്പോള്‍ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാര്‍ മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടര്‍ന്നപ്പോള്‍ തീയണക്കാന്‍ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാര്‍' എന്നും മുഖ്യമന്ത്രി വിമർശിച്ചു.

ആ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവര്‍ത്തന പദ്ധതികള്‍ രാജ് ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. ഓഗസ്റ്റ് 14 ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചാരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണ്.അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനം ആചരിക്കണം എന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സര്‍വ്വകലാശാലകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയത്. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നും എല്ലാ വൈസ് ചാന്‍സലര്‍മാറും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: Pinarayi Vijayan Against Governor Rajendra Arlekar over partition Horror Day

dot image
To advertise here,contact us
dot image