
കണ്ണൂര്‍: ആര്‍എസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി സദാനന്ദൻ വധശ്രമ കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്‍. കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലാസമെന്ന് ആരും കരുതേണ്ടെന്ന് എംവി ജയരാജന്‍ പറഞ്ഞു. ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസില്‍വെച്ചാല്‍ മതിയെന്നും ഫണ്ട് മുക്കിയിട്ടല്ല എട്ട് സഖാക്കള്‍ ജയിലില്‍ പോയതെന്നും എം വി ജയരാജന്‍ പറഞ്ഞു. ശരിയുടെ പക്ഷത്തുനിന്ന് ജയിലില്‍ പോകാന്‍ മടിയില്ലെന്നും ക്രിമിനല്‍ പ്രവര്‍ത്തനമാണോ എംപി ആകാനുളള യോഗ്യതയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എംവി ഗോവിന്ദന്‍ ജ്യോത്സ്യനെ സന്ദര്‍ശിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ജ്യോത്സ്യനെ കാണുന്നതില്‍ തെറ്റില്ലെന്നും താന്‍ തന്നെ എത്രതവണ ജ്യോത്സ്യന്മാരെ കണ്ടിട്ടുണ്ടെന്നുമാണ് ജയരാജന്‍ പറഞ്ഞത്.
സി സദാനന്ദന്റെ കാലുകള്‍ വെട്ടിയ കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം പി ജയരാജന്‍ സന്ദര്‍ശിച്ചിരുന്നു. ശനിയാഴ്ച്ചയാണ് അദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. അവര്‍ക്ക് ആശംസ അറിയിച്ചെന്നും അസുഖമുളളവര്‍ക്ക് ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും അവരുടെ വീടുകളില്‍ പോയി കുടുംബാംഗങ്ങളെ കാണുമെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു.
നിലവില്‍ രാജ്യസഭാംഗമായ സി സദാനന്ദനുനേരെ 1994 ജനുവരി 25-നാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകരാണ് തിങ്കളാഴ്ച കീഴടങ്ങിയത്. സുപ്രീം കോടതിയും അപ്പീല്‍ തളളിയതോടെയാണ് ഇവര്‍ കോടതിയിലെത്തി കീഴടങ്ങിയത്. ജയിലില്‍ പോകുന്ന പ്രതികളെ യാത്രയാക്കാന്‍ എംഎല്‍എയായ കെ കെ ശൈലജ അടക്കമുളളവര്‍ എത്തിയിരുന്നു.
Content Highlights: mv jayarajan about cpim workers jailed in c sadanandan attempt to murder case