കള്ളമാണെന്ന് തെളിയിച്ചാൽ ഞാൻ ഇൻഡസ്ട്രി വിട്ടുപോകാം, മറിച്ചാണെങ്കിലോ; ലിസ്റ്റിനെ വെല്ലുവിളിച്ച് സാന്ദ്ര തോമസ്

"ലിസ്റ്റിന്‍ പറയുന്നത് വിവരമില്ലായ്മയാണ്. അയാള്‍ മറുപടി അര്‍ഹിക്കുന്നില്ല"

dot image

നിര്‍മാതാക്കളായ സാന്ദ്ര തോമസും ലിസ്റ്റിന്‍ സ്റ്റീഫനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയഷനെയും മറ്റും കുറിച്ച് സാന്ദ്ര ഉന്നയിക്കുന്ന ആരോപണങ്ങള്‍ കള്ളമാണെന്നും അവര്‍ നടത്തുന്നത് വെറും ഷോ ആണെന്നും ലിസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസിലേക്ക് പ്രതിഷേധാത്മകമായി സാന്ദ്ര പര്‍ദ ധരിച്ചെത്തിയതിനെയും ലിസ്റ്റിന്‍ പരിഹസിച്ചിരുന്നു. ആദ്യം പര്‍ദ ധരിച്ചുവന്നു, രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേ എന്നായിരുന്നു ലിസ്റ്റിന്റെ ചോദ്യം. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് സാന്ദ്ര തോമസ് ഇപ്പോള്‍.

'പര്‍ദ ധരിച്ചു വന്നത് പ്രതിഷേധം എന്ന നിലയിലാണ്. എന്നു കരുതി താന്‍ എന്നും പര്‍ദ ധരിച്ചു വരണമെന്നാണോ. ലിസ്റ്റിന്‍ പറയുന്നത് വിവരമില്ലായ്മയാണ്. അയാള്‍ മറുപടി അര്‍ഹിക്കുന്നില്ല,' സാന്ദ്ര തോമസ് പറഞ്ഞു. ഞാന്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ കള്ളമെന്ന് തെളിയിച്ചാല്‍ ഞാന്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ തയ്യാറാണ്. മറിച്ചാണെങ്കില്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ ലിസ്റ്റിന്‍ തയ്യാറാണോ എന്നും സാന്ദ്ര തോമസ് വെല്ലുവിളിച്ചുകൊണ്ട് ചോദിച്ചു.

സാന്ദ്ര ഉയര്‍ത്തിയ വിമര്‍ശനങ്ങളോടും ആരോപണങ്ങളോടും സ്ത്രീ ആയതുകൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നതെന്നാണ് നേരത്തെ നല്‍കിയ പ്രതികരണത്തില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ കുറിച്ചും ലിസ്റ്റിന്‍ പറഞ്ഞിരുന്നു.

'നിയമപ്രകാരമാണ് സാന്ദ്ര മത്സരിക്കേണ്ട എന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറയുന്ന അത്രയും സിനിമകള്‍ സാന്ദ്രയുടെ ബാനറില്‍ ഇല്ല. സാന്ദ്രയുടെ പേരില്‍ ഉള്ളതല്ല, സാന്ദ്ര തോമസ് പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. കോടതി പറഞ്ഞാല്‍ സാന്ദ്ര മത്സരിക്കട്ടെ. ഉത്തരവ് അനുകൂലമായാല്‍ ഞങ്ങള്‍ എതിര്‍ക്കില്ല,' ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

മമ്മൂട്ടിയുമായി ബന്ധപ്പെട്ട സാന്ദ്ര തോമസ് പറഞ്ഞ കാര്യങ്ങളോടും ലിസ്റ്റിന്‍ പ്രതികരിച്ചിരുന്നു. 'മമ്മൂട്ടിയെ കുറിച്ച് സാന്ദ്ര പറഞ്ഞതെല്ലാം നുണയാണെന്ന് തെളിയിക്കാന്‍ ആണ് സാന്ദ്രയുടെ പഴയ വീഡിയോ ഞാന്‍ ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി സിനിമയില്‍ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആര്‍ട്ടിസ്റ്റുകള്‍ പല സിനിമകളില്‍ നിന്നും പിന്മാറുന്നു. മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു,' ലിസ്റ്റിന്‍ പറഞ്ഞു.

മമ്മൂട്ടിയുമായി ബന്ധപ്പെട്ട താന്‍ നടത്തിയ പരാമര്‍ശങ്ങളിലും സാന്ദ്ര ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. 'മമ്മൂട്ടി ഇടപെട്ടത് നാമനിര്‍ദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ല. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ്. ആന്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണ് മമ്മൂട്ടി വിളിച്ചത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു.

അതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. തന്റെ സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്‍മാറിയത് അദ്ദേഹത്തിന്റെ ചോയ്സാണ്. മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ലിസ്റ്റിന്‍ ശ്രമിക്കരുത്,' സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight : Sandra Thomas against Listin Stephen latest

dot image
To advertise here,contact us
dot image