'ഒന്ന് 'ചട്ടലംഘനം' ആണെങ്കിൽ മറ്റേതും അങ്ങനെ തന്നെ'; ഡോ ഹാരിസ് വിഷയത്തില്‍ പ്രതികരിച്ച് എന്‍ പ്രശാന്ത്

വസ്തുതകൾ പൂർണ്ണമായി പുറത്തുവരുന്നതിന് മുൻപേ ഒരു കീഴുദ്യോഗസ്ഥനെ പരസ്യമായി കുറ്റവാളിയായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഇത് സുതാര്യതയല്ല, മറിച്ച് മാധ്യമ വിചാരണയാണ്

dot image

തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറക്കലിനെ പിന്തുണച്ച് എൻ പ്രശാന്ത് ഐഎഎസ്. 'ഫേസ്ബുക്കിൽ പോസ്റ്റിട്ടു, അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു' എന്ന പേരിൽ ഡോ ഹാരിസിനെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പ്രതികരണം. ഈ കാരണം ചൂണ്ടിക്കാട്ടി ഹാരിസിനെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നവർ ചെയ്തതും ഗുരുതര ചട്ടലംഘനമാണെന്ന് പ്രശാന്ത് പറയുന്നു. ഒരു അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു മുഴുനീള പത്രസമ്മേളനം നടത്തി, അതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും കേസിനെ സ്വാധീനിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ പരസ്യമായി പറയുകയും ചെയ്യുന്നത് അതേ പെരുമാറ്റച്ചട്ട ലംഘനമാണ്. ഈ രണ്ട് പ്രവൃത്തികളും ഒരേ വിഭാഗത്തിൽ പെടുന്നതാണ്. ഒന്ന് 'ചട്ടലംഘനം' ആണെങ്കിൽ മറ്റേതും അങ്ങനെ തന്നെയാണെന്ന് പ്രശാന്ത് പറയുന്നു.

ഒരു അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു സ്ഥാപനത്തിന്റെ തലവൻ മാധ്യമങ്ങളോട് സംസാരിക്കുന്നത്. വസ്തുതകൾ പൂർണ്ണമായി പുറത്തുവരുന്നതിന് മുൻപേ ഒരു കീഴുദ്യോഗസ്ഥനെ പരസ്യമായി കുറ്റവാളിയായി ചിത്രീകരിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇത് സുതാര്യതയല്ല, മറിച്ച് മാധ്യമ വിചാരണയാണെന്നും അദ്ദേഹം പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഓടരുതമ്മാവാ ആളറിയാം

"ഫേസ്‌ ബുക്കിൽ പോസ്റ്റിട്ടു, അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു" എന്ന പേരിലാണ് ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാൻ ചില മേലുദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് കേൾക്കുന്നു. കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം (Kerala Government Servants’ Conduct Rules) ലംഘിച്ചു എന്നതാണ് ഔദ്യോഗിക വിശദീകരണം.

ശരി, അങ്ങനെയാണെങ്കിൽ ഒരു അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു മുഴുനീള പത്രസമ്മേളനം നടത്തി, അതിനെക്കുറിച്ച് വിശദമായി സംസാരിക്കുകയും കേസിനെ സ്വാധീനിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ പരസ്യമായി പറയുകയും ചെയ്ത കാര്യമോ?

അതേ പെരുമാറ്റച്ചട്ടമനുസരിച്ച് (ചട്ടം 60, ചട്ടം 62), ഈ രണ്ട് പ്രവൃത്തികളും ഒരേ വിഭാഗത്തിൽ പെടുന്നതാണ്. ഒന്ന് "ചട്ടലംഘനം" ആണെങ്കിൽ മറ്റേതും അങ്ങനെത്തന്നെയാണ്.

ഇതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം - ഒരന്വേഷണം നടക്കുന്നതിനിടെ ആണ്‌ ഒരു സ്ഥാപനത്തിന്റെ തലവൻ മാധ്യമങ്ങളോട് സംസാരിക്കുന്നത്. വസ്തുതകൾ പൂർണ്ണമായി പുറത്തുവരുന്നതിന് മുൻപേ ഒരു കീഴുദ്യോഗസ്ഥനെ പരസ്യമായി കുറ്റവാളിയായി ചിത്രീകരിക്കുകയാണ് അവിടെ ചെയ്യുന്നത്. ഇത് സുതാര്യതയല്ല, മറിച്ച് മാധ്യമ വിചാരണയാണ്.

കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം, 1960 അനുസരിച്ച്, ചട്ടം 60 പ്രകാരം, സർക്കാർ ഉത്തരവുകൾ അനുസരിച്ചോ ഔദ്യോഗിക ചുമതലകളുടെ ഭാഗമായോ അല്ലാതെ ഒരു സർക്കാർ ജീവനക്കാരൻ ഏതെങ്കിലും ഔദ്യോഗിക രേഖയോ വിവരമോ അനധികൃത വ്യക്തികളുമായി പങ്കിടുന്നത് വിലക്കിയിരിക്കുന്നു. കൂടാതെ, കേരള സിവിൽ സർവീസസ് (വർഗ്ഗീകരണം, നിയന്ത്രണം, അപ്പീൽ) ചട്ടങ്ങൾ, 1960 (KCS (CC&A) ചട്ടങ്ങൾ) ചട്ടം 75(1) അനുസരിച്ച്, ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്, കണ്ടെത്തലുകളും കാരണങ്ങളും സഹിതം, നടപടികൾ നടക്കുന്ന സമയത്ത് കുറ്റാരോപിതനായ ഉദ്യോഗസ്ഥനും അച്ചടക്ക അധികാരിക്ക് മാത്രമേ നൽകാൻ പാടുള്ളൂ. നടപടികൾ പൂർത്തിയാക്കി അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് വരെ ഇത് ഒരു പൊതുരേഖയല്ല. യൂണിയൻ ഓഫ് ഇന്ത്യ v. എസ്.കെ. കപൂർ (2011) 4 SCC 589 പോലുള്ള കേസുകളും, സെൻട്രൽ വിജിലൻസ് കമ്മീഷൻ മാനുവലും, കുറ്റാരോപിതനായ ജീവനക്കാരന് ശരിയായ പ്രതിരോധം ഒരുക്കുന്നതിനായി അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഉറപ്പിക്കുന്നു. എന്നാൽ അന്വേഷണം നടക്കുന്നതിനിടെ അത് മാധ്യമങ്ങൾക്ക് വിതരണം ചെയ്യാൻ അവകാശമില്ല.

ഈ സാഹചര്യത്തിൽ, അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു പത്രസമ്മേളനത്തിൽ വെച്ച് അന്വേഷണ റിപ്പോർട്ടിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങൾ ഉദ്ധരിക്കുന്നതോ, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നതോ പച്ചയായ നിയമലംഘനമാണ്‌. ഇത് പെരുമാറ്റച്ചട്ട ലംഘനമാണ്, കൂടാതെ ദുരുദ്ദേശ്യപരമായ മാധ്യമ വിചാരണയ്ക്ക് തുല്യവുമാണ്. മുൻപ് ഡോ. എ. ജയതിലകും ശ്രീ. ഗോപാലകൃഷ്ണനും വ്യാജ റിപ്പോർട്ട് ഉണ്ടാക്കി, എന്റെ "പ്രതിച്ഛായ" (ചിലരുടെ പ്രതിച്ഛായ പോലല്ലല്ലോ നമ്മുടേത്‌!) നശിപ്പിക്കുന്നതിനായി മാതൃഭൂമിക്ക്‌ ചോർത്തിക്കൊടുത്തതിന് സമാനമാണിത്. ഡോക്ടർമാർക്ക്‌ ഹൈ എൻഡ്‌ ഉപദേശങ്ങൾ നൽകുന്ന ഉറ്റ തോഴനായ മറ്റൊരു ഡോക്‌ടറെ പറ്റി ഇനി കൂടുതൽ ക്ലൂ വേണ്ടല്ലോ.

സർവ്വീസ് നിയമങ്ങളിലെ നീതിയുടെ അടിസ്ഥാന തത്വം വളരെ ലളിതമാണ്: എല്ലാവർക്കും ഒരേ മാനദണ്ഡം. അത് നടപ്പാക്കാത്ത കാലത്തോളം, ഇത് "പെരുമാറ്റച്ചട്ടത്തിന്റെ" വിഷയമല്ല, മറിച്ച് ആരെ സംരക്ഷിക്കാനും ആരെ ഇല്ലാതാക്കാനുമാണ് ഈ സിസ്റ്റം ആഗ്രഹിക്കുന്നത് എന്നത് നിർലജ്ജം വിളിച്ചറിയിക്കുകയാണ്‌.

തൊണ്ണൂറുകളുടെ തുടക്കത്തിൽ MBBS പാസ്സായ 3 ഡോക്ടർ സുഹൃത്തുക്കൾ ഒരു പോലെ നിയമലംഘനം നടത്തുന്നത്‌ എന്ത്‌ കൊണ്ടായിരിക്കും? ഡൊ.ജബ്ബാർ, ഡോ. വിശ്വനാഥൻ, ഡോ.ജയതിലക്‌ എന്നിവർ ഉറ്റ തോഴരാണെന്ന് അറിയാമല്ലൊ. ഡി.എം.ഇ. ഡോ. വിശ്വനാഥനും ഡോ.ജയതിലകും സ്കൂൾ ബഡ്ഡീസ്‌ ആണല്ലോ. ഇവർ രണ്ട്‌ പേർക്കും‌ USA ൽ ഉള്ള താൽപര്യങ്ങൾ എന്താണ്‌? ഡോ.ജയതിലകിന്റെ മക്കളുടെ അമേരിക്കൻ യാത്രക്ക്‌ സർക്കാർ കൺസൾട്ടന്റിനെക്കൊണ്ട്‌ ടിക്കേറ്റെടുപ്പിച്ച കേസ്‌ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഇന്നും അന്വേഷണം നടക്കുന്നുണ്ട്‌ ‌ എന്നത്‌ ഇതുമായി കൺഫ്യൂസ്‌ ആക്കരുത്‌. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകൾക്ക്‌ സ്പൈസസ്‌ ബോർഡിൽ സാങ്കൽപിക അഭിമുഖം നടത്തി നിയമവിരുദ്ധമായി സ്ഥിരം നിയമനം നടത്തിയ കേസുമായും ഇതിനെ കൺഫൈയൂസ്‌ ചെയ്യരുത്‌. CBI കൊച്ചി യൂണിറ്റ്‌ FIR ഇടാൻ റിപ്പോർട്ട്‌ നൽകിയ കോടികളുടെ ട്രാവൽ ടിക്കറ്റ്‌ കുംഭകോണവുമായും കൺഫ്യൂസ്‌ ആവരുത്‌. (അന്ന് ആ കമ്പനി ഉടമ അന്നേരം ഭാര്യ അല്ല എന്ന ന്യായം പറഞ്ഞായിരുന്നല്ലോ ഫയൽ ചവിട്ടിയത്‌.) മുട്ടിൽ മരംമുറി ഉത്തരവിറക്കിയതോ, കപ്പൽ കമ്പനിക്കെതിരേ കേസെടുക്കരുതെന്ന് നോട്ട്‌ കൊടുത്തതോ, ഈ-ഓഫീസ്‌ സംവിധാനത്തിൽ വ്യാജരേഖ ഉപയോഗിച്ച്‌ ഫയൽ മോഷ്ടിച്ചതോ, ഭൂരഹിതരായ ആദിവാസികൾക്ക്‌ പതിച്ച്‌ നൽകാൻ റെഡ്‌ സോണിൽ പെട്ട എസ്റ്റേറ്റ്‌ ഭൂമി വാങ്ങുന്നതോ അല്ല ഇത്‌. ഇത്‌ തികച്ചും പുതിയത്‌.

ഏതായാലും ഗ്രീൻ കാർഡ്‌ ഉള്ളവർ കേരള സർക്കാർ സേവനത്തിൽ ഉണ്ടാവുന്നത്‌ ഒരഭിമാനം തന്നെയാണ്‌ എന്നതിൽ തർക്കമില്ല. ങേ? ഗ്രീൻ കാർഡ്‌ ഹോൾഡർക്ക്‌ സർക്കാർ ജോലിയോ? നിയമങ്ങളോ? ആത്മമിത്രങ്ങൾക്ക്‌ അടുപ്പിലും ആവാം എന്നാണല്ലോ സിസ്റ്റം പുതുമൊഴി

Content Highlights: N Prashanth IAS facebook post about supports Dr. Harris Chirakkal

dot image
To advertise here,contact us
dot image