
തിരുവനന്തപുരം: നടി ശ്വേതാ മേനോനെതിരെയുള്ള കേസ് മോശം പ്രവണതയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. സ്ത്രീകൾ പ്രധാനപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് ആദ്യം പറഞ്ഞ ആളാണ് താനെന്നും
അതിന് വലിയ പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരെ അപകീർത്തിപ്പെടുത്തുന്നത് അപലപനീയമാണ്. ഇത്തരം കേസുകളിൽ ലജ്ജിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾ മത്സരിക്കുന്നിടത്ത് എല്ലാം ഇത്തരം ആരോപണങ്ങൾ ഉയരും. സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം. ശ്വേതക്കെതിരായ കേസ് പത്രത്തിൽ പേര് വരാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. അഭിനയിച്ച സിനിമയുടെ പേരിൽ കേസ് എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിലും മന്ത്രി പ്രതികരിച്ചു. കുക്കു ഭരണസമിതി അംഗമല്ല. പിന്നെ അവരെങ്ങനെ മെമ്മറി കാർഡ് കൈകാര്യം ചെയ്യും. ഇതെല്ലാം കഥയായി ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ ഇത് ഉന്നയിച്ചതിന് പിന്നിൽ ദുരുദേശം ഉണ്ടാകും. മെമ്മറി കാർഡിനെ പറ്റി ആദ്യമായാണ് കേൾക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡോ ഹാരിസ് ചിറക്കലിന്റെ കാര്യത്തിൽ ആരോഗ്യ മന്ത്രി കാര്യങ്ങൾ പറയട്ടെയെന്നും അതേകുറിച്ച് കൂടുതൽ പഠിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
Content Highlights: Case against Shweta Menon is a bad trend, condemnable'says Minister KB Ganesh Kumar